മലപ്പുറം: രണ്ടുദിവസമായി പെയ്തിറങ്ങിയ കനത്ത മഴയിൽ വിറങ്ങലിച്ച് ജില്ലയുടെ മലയോരവും തീരപ്രദേശവും. ചാലിയാറും പുന്നപ്പുഴയും തുതപ്പുഴയും പലയിടങ്ങളിലും കര കവിഞ്ഞൊഴുകി. ചാലിയാർ പുഴയിലെ പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ പൂർണ്ണമായും കവണക്കല്ല് റെഗുലേറ്റർ ഭാഗികമായും തുറന്നു. ചെറുപാലങ്ങൾ വെള്ളത്തിനടിയിലായപ്പോൾ വലിയ പാലങ്ങളെ തൊട്ടുരുമ്മിയാണ് ചാലിയാർ ഒഴുകിയത്. തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശമേകിയിട്ടുണ്ട്. ചിലയിടങ്ങളിൽ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കാറ്റിൽ മരം വീണ് വീടുകൾക്കടക്കം വലിയ നാശനഷ്ടമുണ്ടായി. ജനവാസ കേന്ദ്രങ്ങളിൽ റോഡുകളടക്കം വെള്ളക്കെട്ടിലാണ്.
ഓറഞ്ച് അലേർട്ടിന് പിന്നാലെ പുലർച്ചെ മുതൽ നിലയ്ക്കാതെ പെയ്ത മഴയ്ക്ക് ഉച്ചയോടെയാണ് അൽപ്പം ശമനമുണ്ടായത്. മലയോരങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയുടെ നിഴലിലായിരുന്നു. കഴിഞ്ഞ തവണ ഉരുൾപൊട്ടിയ ഇടങ്ങളിൽ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അങ്ങാടിപ്പുറം സ്റ്റേഷനിലെ 133 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന മഴ. പെരിന്തൽമണ്ണ - 121, കരിപ്പൂർ - 117, നിലമ്പൂർ - 92 മില്ലീമീറ്റർ എന്നിങ്ങനെയാണ് പകലിലെ മഴ.
ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 204 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കാം. വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. റെഡ് അലേർട്ടിന് പിന്നാലെ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്താൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമടക്കമുള്ള പ്രകൃതി ദുരന്തങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പേകുന്നു. ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ ജാഫർ മാലിക് ജില്ലാതല ഉദ്യോഗസ്ഥരോടും തഹസിൽദാർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. തഹസിൽദാർമാർ മുഴുവൻ സമയവും ഹെഡ് ക്വാർട്ടേഴ്സിലുണ്ടായിരിക്കണം. സ്ഥിതിഗതികൾ നിരീക്ഷിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം.
വെള്ളിയാഴ്ചയും ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ 115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ മഴയ്ക്കാണ് സാദ്ധ്യത. 10ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.