nilamboor-flood

നിലമ്പൂർ : കനത്ത മഴയിലും ഉരുൾപൊട്ടലിലും മലപ്പുറം ജില്ലയിലെ മലയോരമേഖലകളിൽ വലിയ നാശനഷ്ടം. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറാതിരുന്ന സ്ഥലങ്ങൾ പോലും ഒറ്റ രാത്രികൊണ്ട് വെള്ളത്തിനടിയിലായി. വനമേഖലയിൽ വ്യാപകമായുണ്ടായ ഉരുൾപൊട്ടലിൽ പുഴകളിലെ ജലനിരപ്പ് വൻതോതിൽ ഉയർന്നതാണ് നിലമ്പൂർ നഗരത്തെയും പരിസരപ്രദേശങ്ങളെയും വെള്ളത്തിലാക്കിയത്. ഫയർഫോഴ്സും സന്നദ്ധസംഘടനകളും ചേർന്ന് റബർഡിങ്കികളും ലൈഫ് ബോട്ടുകളും തോണികളുമുപയോഗിച്ച് ആയിരത്തോളം പേരെ രക്ഷപ്പെടുത്തി. ഗതാഗതം നിലച്ചതോടെ മലയോരമേഖല ഒറ്റപ്പെട്ടു. കനത്ത കാറ്റിൽ മരം വീണ് ജില്ലയിൽ വ്യാപകമായി വീടുകൾ തകർന്നിട്ടുണ്ട്. ഇന്നും റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വലിയ ജാഗ്രതയിലാണ് ജില്ല.

ബുധനാഴ്ച രാത്രി ശക്തമായ മഴയുണ്ടായിരുന്നെങ്കിലും സ്ഥിതിഗതികൾ ശാന്തമായിരുന്നു. രാത്രി വനമേഖലയിൽ വ്യാപകമായി ഉരുൾപൊട്ടിയത് കാര്യങ്ങൾ വഷളാക്കി. മാഞ്ചീരി മലവാരം, അകമ്പാടം, കരുവാരക്കുണ്ടിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. നിലമ്പൂർ ജനതപ്പടിയിൽ മാത്രം 20 വീടുകൾ വെള്ളത്തിൽ മുങ്ങി.

നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറി. വിവിധ സ്ഥലങ്ങളിൽ നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. വ്യാപാരസ്ഥാപനങ്ങളും ബഹുനിലക്കെട്ടിടങ്ങളുടെ ഗ്രൗണ്ട് ഫ്ളോറുകളും വെള്ളത്തിലായി. ജില്ലയിലെ ഏഴ് ഫയർസ്റ്റേഷനുകൾക്കൊപ്പം തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘങ്ങളും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. യാത്രയ്ക്കും ആളുകളെ മാറ്റാനുമായി നഗരത്തിൽ തോണിയും ലൈഫ് ബോട്ടുകളുമിറക്കി. രണ്ടുഭാഗത്തും വെള്ളം കയറുകയും ഗതാഗതം നിലയ്ക്കുകയും ചെയ്തതോടെ നഗരം ഒറ്റപ്പെട്ടു. ലോറികളുൾപ്പെടെയുള്ള ഒട്ടേറെ ദീർഘദൂരവാഹനങ്ങൾ ചന്തക്കുന്നിൽ കുടുങ്ങി.

വനപാതയിൽ വൻഗർത്തം രൂപം കൊണ്ടിട്ടുണ്ട്. നാടുകാണി ചുരം അന്തർ സംസ്ഥാന പാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഇരു സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളും അടച്ചു. മഞ്ചേരി- നിലമ്പൂർ റൂട്ടിലും എടവണ്ണ - അരീക്കോട് റൂട്ടിലും ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 12ഉം നിലമ്പൂരിലാണ്. 337 കുടുംബങ്ങളിലെ 950ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. നിരവധി പേരെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.
ദേശീയദുരന്തനിവാരണ സേന നിലമ്പൂരിലെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.