നിലമ്പൂർ: കനത്ത മഴയെത്തുടർന്നു നിലമ്പൂർ മേഖല ഒറ്റപ്പെട്ടു. കരുളായി, മുണ്ടക്കടവ് കോളനിയിലും ആഢ്യൻപാറ വനമേഖലയിലും ഉരുൾപൊട്ടൽ. ആളപായമില്ല. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കടവ് കോളനിയിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
കാഞ്ഞിരപ്പുഴ കാലിക്കടവിലെ ഒമ്പതു കുടുംബങ്ങളെ നമ്പൂരിപ്പൊട്ടി ദുരിതാശ്വാസ ക്യാമ്പിലേക്കു. മാറ്റി. നമ്പൂരിപ്പൊട്ടി എരുമമുണ്ട റോഡിൽ മതിൽമൂല ഭാഗം വെള്ളത്തിനടിയിലായി. സമീപത്തെ ആറു വീടുകളിലും വെള്ളം കയറി. മൈലാടി പ്രദേശത്തെ 16 വീടുകളിലും മൈലാടിപൊട്ടിയിൽ മൂന്നു വീടുകളിലും വെള്ളം കയറി. ഇവിടെയുള്ള ആളുകളെ സുരക്ഷിതയിടങ്ങളിലേക്കു മാറ്റി. നിലമ്പൂർ കെ.എൻ.ജി റോഡിൽ ജനതപ്പടി, ജ്യോതിപ്പടി, മിനർവപ്പടി, വെളിയന്തോട് പ്രദേശങ്ങൾ വെള്ളത്തിലായി. ഇതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. കെട്ടിടങ്ങളിൽ കുടുങ്ങികിടക്കുന്ന ആളുകളെ പെരിന്തൽമണ്ണ, മലപ്പുറം ഫയർഫോഴ്സിന്റെ റബർ ഡിങ്കി ബോട്ടുകളിൽ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ചന്തക്കുന്ന് മാനവേദൻ സ്കൂൾ റോഡ് പൂർണമായി വെള്ളത്തിനടിയിലാണ്. പുഞ്ചക്കൊല്ലിയിലും ഉരുൾപൊട്ടലുണ്ടായി. തുടർന്നു ട്രോമാകെയറും നാട്ടുകാരും ചേർന്നു പ്രദേശത്തുള്ളവരെ മറ്റിടങ്ങളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. വടപുറം ടൗൺപള്ളിയിലും വെള്ളം കയറി. നിലമ്പൂരിന്റെ വിവിധ മേഖലകളിൽ വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടു. ഏക്കർ കണക്കിനു കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. കാറ്റിൽ മരങ്ങൾ വീണു വീടുകൾക്കു നാശം സംഭവിച്ചിട്ടുണ്ട്. മരങ്ങൾ പൊട്ടിവീണതു രക്ഷാപ്രവർത്തനത്തിനും തടസമാകുന്നുണ്ട്. മലപ്പുറം, മഞ്ചേരി, തിരുവാലി, നിലമ്പൂർ അടക്കം മലപ്പുറം ജില്ലയിലെ ഏഴു ഫയർഫോഴ്സ് യൂണിറ്റുകൾ നിലമ്പൂരിലെ വിവിധ മേഖലയിൽ രക്ഷാപ്രവർത്തനത്തിലാണ്. നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. അതേസമയം നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ വെള്ളം കയറി ഗതാഗതംമുടങ്ങി. പുഴകളിൽ ജലവിതാനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിലും ടൗണുകളിലും സന്ദർശനം നടത്താൻ ആരും തുനിയരുതെന്നു നിലമ്പൂർ സിഐ സുനിൽ പുളിക്കൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് നിലമ്പൂരിൽ പ്രളയദുരന്തമുണ്ടായത്.
നിരവധി പേർ
കുടുങ്ങി
എടക്കര: ഉരുൾപൊട്ടലിൽ കോരൻ പുഴ വഴിമാറിയൊഴുകി. വനത്തിൽ ഒറ്റപ്പെട്ട പുഞ്ചകൊല്ലി ആദിവാസി കോളനിവാസികളെ രക്ഷിക്കാനുള്ള അധികൃതരുടെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും മലവെള്ളപാച്ചിലും തടസമാകുന്നു. കഴിഞ്ഞ ദിവസം തമിഴ്നാടിന്റെ ഉൾവനത്തിലെ മലമടക്കുകളിലുണ്ടായ ഉരുൾപൊട്ടലിൽ കോളനിക്ക് സമീപമുള്ള കോരൻപുഴ ഗതിമാറി ഒഴുകി കോളനിയിൽ വൻ നാശനഷ്ടം വിതച്ചിരുന്നു. കോളനിയിലേക്കുള്ള കാനന പാതയിൽ കൂറ്റൻ പാറയും വൻ മരങ്ങളും ഒഴുകിയെത്തി കാൽനട പോലും അസാദ്ധ്യമായിരിക്കുകയാണ്. കോളനിയിൽ 52 കുടുംബങ്ങളിലായി 250 പേരാണിവിടെ ഒറ്റപ്പെട്ടു കഴിയുന്നത്. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ അതോറിറ്റിയടക്കം മുഴുവൻ സർക്കാർ സംവിധാനങ്ങളുടെയും യോഗം പഞ്ചായത്ത് വിളിച്ചു ചേർത്തിതിരുന്നു. ഇന്നലെ രാവിലെ പത്തു മണിയോടെ വനത്തിലേക്ക് യാത്ര തിരിച്ച 60 അംഗ സംഘം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഉച്ചയോടെ തിമിർത്തു പെയ്ത മഴ വിനയായി മാറി. വീണ്ടും ഭയാനകമാം വിധം മലവെള്ളം കുതിച്ചെത്തിയതോടെ രക്ഷാപ്രവർത്തനം നിലച്ചു. ഇതിനിടെ പുഴയിൽ കുടുങ്ങിയ ജെ.സി.ബി ഏറെ ശ്രമകരമായി പുറത്തെത്തിച്ചു. കോളനിവാസികൾക്ക് ഭക്ഷണവും മറ്റു അനുബന്ധ സാധന സാമഗ്രികളും പഞ്ചായത്തധികൃതർ നൽകി. രക്ഷാപ്രവർത്തനം ഇന്നും തുടരും. പഞ്ചായത്ത് പ്രസിഡന്റ് ഇ.എ സുകു, പഞ്ചാായത്തംഗങ്ങൾ, ട്രോമാകെയർ പ്രവർത്തകർ, പൊലീസ്, വനം, ഫയർഫോഴ്സ്, റവന്യൂ അധികൃതർ തുടങ്ങി സർക്കാർ സംവിധാനങ്ങൾ മുഴുവനും ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. രാഹുൽ, മനോജ്, അസീസ് മരുത മൂസ മരുത, ഷിഹാബ് വഴിക്കടവ്, നിഖിൽ പാലാട്, അയൂബ് മണൽപാടം എന്നിവരടങ്ങിയ ട്രോമാ കെയർ അംഗങ്ങളാണ് കോളനിയിൽ രക്ഷാ പ്രവർത്തനത്തിനു എത്തിയിരുന്നത്.