മലപ്പുറം: മരണത്തിന്റെ മൺകൂനയ്ക്കടിയിൽ നിന്ന് കൈകൾ കോർത്തുപിടിച്ച നിലയിൽ ആ മൃതദേഹങ്ങൾ ഒരുമിച്ചു പുറത്തെടുത്തപ്പോൾ രക്ഷാപ്രവർത്തകരുടെ നെഞ്ച് പിടഞ്ഞു. മരണം മലവെള്ളമായി ആർത്തലച്ചെത്തിയപ്പോഴും ഒന്നര വയസുകാരൻ ധ്രുവിന്റെ കൈയിലെ പിടിത്തം വിട്ടിരുന്നില്ല, അമ്മ ഗീതു (22).
മലപ്പുറം കോട്ടക്കുന്നിലെ ഉരുൾപൊട്ടലിനു ശേഷം മൂന്നു ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനത്തിൽ, ശരത്തിന്റെ വീടു നിന്നിരുന്നിടത്ത് മൂന്നു പേർക്കായുള്ള തിരച്ചിലിലായിരുന്നു എല്ലാവരും. ശരതിന്റെ ഭാര്യഗീതും ധ്രുവും ശരത്തിന്റെ അമ്മ സരോജിനിയും. ശരത് രക്ഷപ്പെട്ടു. സരോജിനിയെക്കുറിച്ച് ഇതുവരെ വിവരമില്ല. വീടു നിന്ന സ്ഥലം, കല്ലും മണ്ണും മൂടിയ വെറുമൊരു വെളിമ്പ്രദേശം.
കോട്ടക്കുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ശരത്തും കുടുംബവും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ നേരത്ത്, കുന്നിൻമുകളിൽ നിന്ന് ഒരു മുഴക്കം. ഉയരത്തിൽ നിന്ന് ചെളിവെള്ളം കുത്തിയൊലിച്ചു വരുന്നത് ശരത് കണ്ടു. കുന്നിൻചെരിവിലെ ഉറവുവെള്ളം വഴിതിരിച്ചുവിടാൻ അമ്മ സരോജിനിയുടെ കൈയിൽ നിന്ന് മൺവെട്ടി വാങ്ങി, പണി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇരച്ചെത്തുന്ന ചെളിവെള്ളത്തിനൊപ്പം കല്ലും മരങ്ങളുമുണ്ടെന്നു കണ്ട് ശരത് അമ്മയുടെ കൈപിടിക്കാൻ നോക്കിയെങ്കിലും അതിനു മുമ്പേ ആർത്തലച്ച് മലവെള്ളം അവരെ മറികടന്നു പോയി.
അടുത്തുള്ള കെട്ടിടത്തിന്റെ വരാന്തയിലേക്ക് തെറിച്ചുവീണ ശരതിനു മീതേയ്ക്ക് വലിയൊരു മരച്ചില്ല വന്നു വീണത് രക്ഷയായി. ഗീതുവും മോനും വീടിനുള്ളിലായിരുന്നല്ലോ എന്നോർത്ത് ശരത് വേവലാതിയോടെ നോക്കുമ്പോഴേക്കും എല്ലാം മണ്ണിൽ മൂടിക്കഴിഞ്ഞിരുന്നു. അമ്മയെയും കാണാനില്ല. ഉരുൾപൊട്ടലുണ്ടായപ്പോൾ സരോജിനിയുടെ ഭർത്താവ് സത്യനും മറ്റൊരു മകൻ സജിതും വീട്ടിലുണ്ടായിരുന്നില്ല. എതിർപ്പുകളെ മറികടന്ന് പ്രണയവിവാഹത്തിലൂടെ ഒരുമിച്ചവരായിരുന്നു ശരതും ഗീതുവും. ഭാര്യയെയും ഓമനമകനെയും മലവെള്ളമെടുത്ത ഭൂമിയിൽ, മണ്ണിനടിയിലെവിടെയോ ഇനി ശരതിന്റെ അമ്മയുണ്ട്.