kavalappara

നിലമ്പൂർ: പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് സൈന്യമുൾപ്പെടെയുള്ള 500 അംഗ സംഘത്തിന്റെ അക്ഷീണ പരിശ്രമത്തിനൊടുവിൽ,​ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഇന്നലെ നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മൊത്തം മരണസംഖ്യ 13 ആയി. അമ്പത് പേർ ഇപ്പോഴും മണ്ണിനടിയിലാണ്.

വ്യാഴാഴ്ച രാത്രി ഉരുൾപൊട്ടിയാണ് അറുപതിലേറെ പേർ മണ്ണിനടിയിലായത്. 40 അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയിൽ പ്രതികൂല സാഹചര്യങ്ങളാണ് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുയർത്തുന്നത്. ഒരു ഹിറ്റാച്ചി മാത്രമുപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കൂടുതൽ എണ്ണം സ്ഥലത്തേക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽ പുതഞ്ഞു. 150 സൈനികർ,​ 70 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ,​ 100 ഫയർ ഫോഴ്സ് അംഗങ്ങൾ,​150 പൊലീസുകാർ,​ രക്ഷാപ്രവർത്തകർ,​ നാട്ടുകാർ തുടങ്ങി വലിയൊരു സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മണ്ണ് ഇപ്പോഴും പുതഞ്ഞുകിടക്കുന്നത് തടസം തീർക്കുന്നുണ്ട്. ഇന്നലെ രാവിലെ ആറിന് തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഉച്ചവരെ മഴ കുറവായിരുന്നെങ്കിലും ശേഷം മഴ വീണ്ടും കനത്തു. ആശങ്ക കനത്ത അന്തരീക്ഷത്തിൽ സ്വന്തം ജീവൻപോലും പണയം വച്ചാണ് രക്ഷാപ്രവർത്തകർ മുന്നേറുന്നത്. രണ്ട് ദിവസം മഴ വിട്ടുനിന്നാലേ രക്ഷാപ്രവർത്തനത്തിന് അനുകൂലമായ സാഹചര്യമൊരുങ്ങൂ.

ഒരു കുട്ടിയുടെയും രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. കവളപ്പാറ മുഹമ്മദലി,​ വിക്ടറിന്റെ മകൾ അലീന (7)​ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ഉറ്റവരുടെ മൃതദേഹമെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കവളപ്പാറയിൽ എത്തിയ ദുരന്തബാധിതർ കണ്ണീർക്കാഴ്ചയായി. ഉരുൾപൊട്ടൽ നടന്ന സമയത്ത് സ്ഥലത്തില്ലാതിരുന്നവരോ,​ തൊട്ടപ്പുറത്തേക്ക് മാറിയപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരോ ആണ് ഇവരിൽ കൂടുതലും. പലരും ദുരന്തത്തിന് ദൃക്‌സാക്ഷികൾ കൂടിയാണ്. ഒറ്റനിമിഷം കൊണ്ടാണ്,​ അല്പം മുമ്പുപോലും ഒപ്പമുണ്ടായവർ ഒറ്റയടിക്ക് മൺകൂമ്പാരത്തിനടിയിലായത്. ഉറ്റവരെ ജീവനോടെ മണ്ണിനടിയിൽ നിന്ന് വീണ്ടെടുക്കാനാവില്ലെന്ന യാഥാർത്ഥ്യം അവർ വേദനയോടെ ഉൾക്കൊണ്ടുകഴിഞ്ഞു. പ്രിയപ്പെട്ടവർ മണ്ണിനടിയിൽ കിടക്കുമ്പോൾ എങ്ങനെ മടങ്ങിപ്പോകുമെന്നാണ് നോവോടെ അവർ ചോദിക്കുന്നത്.