കൽപ്പറ്റ: ഇന്നലെ കവളപ്പാറ ദുരന്തഭൂമി സന്ദർശിച്ച രാഹുൽ ഗാന്ധി എം.പി ഇന്ന് പുത്തുമലയിലെ പ്രളയമേഖലകളിലെത്തും. തുടർന്ന് മുണ്ടക്കൈയിലെ ദുരിതാശ്വാസ ക്യാംപിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. പുത്തുമല നിവാസികളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്ന മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പും രാഹുൽ സന്ദർശിക്കും.
വയനാട് കലക്‌ടറേറ്റിൽ നടക്കുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം അതിനു ശേഷം പനമരം, മീനങ്ങാടി, മുണ്ടേരി എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ താമസിക്കുന്നവരെ സന്ദർശിക്കും.രാഹുൽഗാന്ധി മുൻകൈയ്യെടുത്ത് ജില്ലയിൽ ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പരമാവധി ക്യാംപുകളിൽ ഇന്ന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും കൂട്ടി രാഹുൽ ഗാന്ധി കവളപ്പാറയിലെത്തിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മലപ്പുറം എസ്.പി അബ്ദുൾ കരീം ദുരന്തത്തിന്റെ വ്യാപ്തിയും രക്ഷാപ്രവർത്തകർ നേരിടുന്ന വെല്ലുവിളിയും രാഹുലിനോട് വിശദീകരിച്ചു.
കേരളത്തിന് പ്രത്യേക ധനസഹായ പാക്കേജ് നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കെ.പി.സി.സിക്ക് ആവശ്യമായ ഫണ്ടില്ലാത്തതിനാൽ ദുരന്തസ്ഥലങ്ങളിൽ പരമാവധി സഹായങ്ങളും സേവനങ്ങളും നൽകാൻ കോൺഗ്രസ് പ്രവർത്തകരോട് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലും രാഹുൽ ഇന്നലെ എത്തിയിരുന്നു.