നിലമ്പൂർ: ദുരിതം വിതച്ച മലയോര പ്രദേശങ്ങളിൽ ഭക്ഷണപ്പൊതികളുമായി എയർഫോഴ്സ് ഹെലികോപ്ടർ. മലപ്പുറം എം.എസ്.പി മൈതാനത്തു നിന്ന് ഇന്നലെ രാവിലെ പറന്നുയർന്ന കോപ്ടറിൽ നിന്ന് നിലമ്പൂരിലെ കവളപ്പാറയിലും നിരവധി പേർ കുടുങ്ങിക്കിടക്കുന്ന എടക്കര മുണ്ടേരി പ്രദേശങ്ങളിലും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കളക്ടറേറ്റ് ഹാളിൽ ശേഖരിച്ച അവശ്യസാധനങ്ങളിൽ നിന്ന് കുപ്പിവെള്ളവും അത്യാവശ്യ ഭക്ഷണസാധനങ്ങളും അടങ്ങുന്ന ആയിരം പായ്ക്കറ്റുകളാണ് വിതരണം ചെയ്തത്. ചെളിയിലും വെള്ളത്തിലും വീണാലും കേടുവരാത്ത രീതിയിൽ പായ്ക്ക് ചെയ്തവയായിരുന്നു ഭക്ഷണസാധനങ്ങൾ.
നിലമ്പൂരിലെ ആദിവാസി കോളനികളിൽ ഒട്ടേറെ കുടുംബങ്ങൾ ചാലിയാറിനക്കരെ രണ്ടു ദിവസമായി ഒറ്റപ്പെട്ടു കിടക്കുകയാണ്. ചാലിയാറിലെ കുത്തൊഴുക്ക് കാരണം ദുരന്തനിവാരണ സേനയ്ക്കും ഇവരെ ഇക്കരെ എത്തിക്കാനായിട്ടില്ല. ജില്ലാ കളക്‌ടറുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്നലെ ഹെല്കോപ്ടറിൽ സാധനങ്ങൾ എത്തിച്ചു നൽകുകയായിരുന്നു.