നിലമ്പൂർ : രണ്ടു മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയതോടെ കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 15 ആയി. 44 പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. 40 അടിയോളം മണ്ണും കല്ലും മൂടിക്കിടക്കുന്ന കവളപ്പാറയിൽ, ഇന്നലെ കാലാവസ്ഥ ഭേദപ്പെട്ടതോടെ തിരച്ചിൽ ഊർജ്ജിതമാക്കി.
.മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കൾ, തങ്ങളുടെ വീടുകളുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ഭാഗങ്ങളിലാണ് ഇപ്പോഴത്തെ തിരച്ചിൽ. മൂന്നുദിവസം കൂടി തിരച്ചിൽ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം പറഞ്ഞു. ശരീരങ്ങൾ ഒലിച്ചുപോയേക്കാവുന്ന ദൂരം കണക്കാക്കിയായിരിക്കും രണ്ടാംഘട്ട തിരച്ചിൽ.
നേരത്തേ മഴയത്ത് ഇളകിയ മണ്ണിൽ പുതഞ്ഞുപോകുന്നതു കാരണം കവളപ്പാറയിലേക്ക് ഒരു മണ്ണുമാന്തി യന്ത്രമേ തിരച്ചിലിന് എത്തിക്കാനായിരുന്നുള്ളൂ. ഇന്നലെ 15 ഹിറ്റാച്ചി യന്ത്രങ്ങളും രണ്ട് ടിപ്പറുകളും ഉപയോഗിച്ച് തിരച്ചിൽ വിപുലമാക്കി. സൈന്യം, ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, നാട്ടുകാർ തുടങ്ങി അഞ്ഞൂറിലധികം പേർ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, വെള്ളിയാഴ്ച മലപ്പുറം കോട്ടക്കുന്നിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് കാണാതായ സരോജിനിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. സരോജിനിയുടെ മകൻ ശരത്തിന്റെ ഭാര്യ ഗീതു (22), മകൻ ഒന്നരവയസുകാരൻ ധ്രുവ് എന്നിവരുടെ മൃതദേഹം ഞായറാഴ്ച കണ്ടെടുത്തിരുന്നു.