jjdjdjd

മലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ മൃതദേഹവും ഇന്നലെ കണ്ടെത്തി. കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡിൽ താമസിക്കുന്ന സത്യന്റെ ഭാര്യ സരോജിനിയുടെ (50) മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ശേഷവും ഒരുമണിക്കൂറോളം കഴിഞ്ഞാണ് പുറത്തെടുക്കാനായത്. മൃതദേഹത്തിനു മുകളിൽ കല്ലും മണ്ണും വന്നു നിറഞ്ഞതിനു പുറമെ തെങ്ങും മറ്റു മരക്കഷണങ്ങളും ഉണ്ടായിരുന്നത് രക്ഷാപ്രവർത്തകരെ ബുദ്ധിമുട്ടിലാക്കി. അപകടത്തിൽ മരിച്ച സരോജിനിയുടെ മരുമകൾ ഗീതു (22), ഗീതുവിന്റെ ഒന്നരവയസുകാരനായ മകൻ ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സരോജിനിയും മകൻ ശരതും വീടിന് പുറത്തു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മണ്ണിടിച്ചിലിൽ സരോജിനി അകപ്പെട്ടത്. അപകടസമയത്ത് മകൻ ശരത് തലനാരിഴയ്ക്കു ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത് കോട്ടക്കുന്ന് മേഖലയിൽ സ്ഥാപിച്ച സി.സി ടി വിയിൽനിന്നും ഇതിന്റെ ദൃശ്യം ലഭിച്ചിരുന്നു. വീടിന്റെ അമ്പതുമീറ്ററോളം അകലെവച്ചാണ് സരോജിനിയുടെ മൃതദേഹം ലഭിച്ചത്. മണ്ണുവന്ന ടിഞ്ഞതിന്റെ ആഘാതത്തിൽ തെറിച്ചുപോയതാണ് മൃതദേഹം. കഴിഞ്ഞ ദിവസം ലഭിച്ച ഗീതുവിന്റെ മൃതദേഹത്തിന്റെ രണ്ടുമീറ്റർ അടുത്തുതന്നെയായിരുന്നു സരോജിനിയുടെയും മൃതദേഹം കിടന്നിരുന്നത്. മണ്ണിനടിയിൽ ഏറെ ആഴത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ അധികൃതർക്ക് ലഭിച്ചത്.
മകൻ ധ്രുവിന്റെ കൈ മുറുകെ പിടിച്ച നിലയിലായിരുന്ന ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. ഗീതുവും മകനും വീടിനകത്തു കട്ടിലിൽ കിടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.