പോത്തുകൽ: ജിഷ്ണുവിന്റെ മുന്നിൽ വച്ചായിരുന്നു കവളപ്പാറയിലെ ദുരന്തം. ഇരുട്ടായതിനാൽ ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാൽ അപ്പോഴുണ്ടായ വലിയ ശബ്ദം കനത്ത അന്ധകാരത്തിലും ദുരന്തത്തിന്റെ ആഘാതം അനുഭവിപ്പിച്ചു. ജിഷ്ണുവിന്റെ കുടുംബവും ബന്ധുക്കളുമടക്കം ഏഴുപേരാണ് ഞൊടിയിടയിൽ മണ്ണിനടിയിലായത്.
തോട്ടിൽ വെള്ളം കയറിയതിനാൽ ദുരന്തമുണ്ടായ വ്യാഴാഴ്ച രാവിലെ തന്നെ ബന്ധു ഹരീഷിനൊപ്പം ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങിയതായിരുന്നു ജിഷ്ണു. ക്യാമ്പിലേക്ക് മാറാൻ ജിഷ്ണു വരുന്നതും കാത്ത് നിൽക്കുകയായിരുന്നു കുടുംബം. ജിഷ്ണു സ്ഥലത്തെത്തിയപ്പോഴാണ് കൺമുന്നിൽ വച്ച് ഉരുൾപൊട്ടിയത്. ജിഷ്ണുവിന്റെ സഹോദരനും അസമിൽ സൈനികനുമായ വിഷ്ണു , പിതാവ് വിജയൻ, മാതാവ് വിശ്വേശ്വരി, സഹോദരി ജീഷ്ണ, വിഷ്ണുവിന്റെ പിതാവിന്റെ ജ്യേഷ്ഠൻ, അദ്ദേഹത്തിന്റെ ഭാര്യ, ഒരുകുട്ടി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിനെത്തിയ അനീഷും ഇവിടെയുണ്ടായിരുന്നു. ആറാം ദിവസമെങ്കിലും ഉറ്റവരെക്കുറിച്ചുള്ള എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണ് ബന്ധുവായ അഖിലേഷിനൊപ്പം ജിഷ്ണു സ്ഥലത്തെത്തിയത്.
മണ്ണിനടിയിലായ ജിഷ്ണുവിന്റെ വീടിന്റെ അടിത്തറ വരെ ഇളക്കി നോക്കിയിട്ടും ആരേയും കണ്ടെത്താനായിട്ടില്ല. ഏതാനും രേഖകൾ മാത്രമാണ് കണ്ടുകിട്ടിയത്. സൈനികനായ വിഷ്ണു ഈമാസം 27ന് അസമിലേക്ക് മടങ്ങാനെടുത്ത ട്രെയിൻ ടിക്കറ്റും ഇക്കൂട്ടത്തിലുണ്ട്. ആഗസ്റ്റ് മൂന്നിനാണ് വിഷ്ണു നാട്ടിലെത്തിയത്. ആധാർകാർഡ്, പാൻകാർഡ്, മിലിട്ടറി രേഖകൾ എന്നിവയും കണ്ടുകിട്ടി. മണ്ണിൽ കുതിർന്ന് വ്യക്തത നഷ്ടപ്പെട്ട വിഷ്ണുവിന്റെ മിലിട്ടറി യൂണിഫോമിലുള്ള ഒരു ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഇനി ജിഷ്ണുവിന്റെ ഓർമ്മക്കൂട്ടിൽ തീരാനോവായി സ്ഥാനം പിടിക്കും ഈ ചിത്രം..