പോത്തുകൽ (മലപ്പുറം): ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പിൽ കത്ത് വിതരണം നടക്കുകയാണ്. കത്ത് കൈയിൽ കിട്ടിയപ്പോൾ കവളപ്പാറ കൊടുവത്ത് സുജയുടെ കണ്ണ് അറിയാതെ നിറഞ്ഞു. ബാങ്കിൽ സ്വർണാഭരണം പണയം വച്ചെടുത്ത വായ്പ്പയുടെ പലിശ അടയ്ക്കാൻ ഓർമ്മിപ്പിച്ചുള്ളതാണ് കത്ത്. ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ പഞ്ചായത്ത് അനുവദിച്ച തുക തികയാത്തതിനാലാണ് ഒരു ലക്ഷം രൂപ വായ്പ്പയെടുത്തത്. പണി പൂർത്തിയാക്കി ഗൃഹോപകരണങ്ങൾ വാങ്ങിയിട്ട, ഏറെക്കാലത്തെ സ്വപ്നമായ വീട് ഇപ്പോൾ മണ്ണിനടിയിലാണ്. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ മണ്ണെടുത്ത അനേകം വീടുകളിൽ ഒരെണ്ണം. കണ്ണീരും വലിയ സാമ്പത്തിക ബാദ്ധ്യതയും മാത്രമുണ്ട് ബാക്കി.
ഈ ഓണത്തിന് പാലുകാച്ചൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഓണമാവുമ്പോൾ എവിടെയായിരിക്കുമെന്ന് ഇപ്പോൾ ഒരുറപ്പുമില്ല. എന്നും ദുരിതാശ്വാസ ക്യാമ്പിൽ തുടരാനാവില്ലല്ലോ. പക്ഷേ, പോവാൻ ഒരിടവുമില്ല. കഴിഞ്ഞ വർഷം വീടിന് തറയെടുത്തപ്പോഴും പ്രളയമുണ്ടായിരുന്നു. ഏറെ സമയമെടുത്താണ് വീട് പൂർത്തിയാക്കാനായത്. അമ്മ ശാന്തയുടെ പേരിലുള്ളതാണ് വീട്. ഭൂമിയും ഇനി ഉപയോഗിക്കാനാവില്ല.
അമ്മയ്ക്കും ഭർത്താവ് സാജൻ, രണ്ടു മക്കൾ എന്നിവരോടുമൊപ്പമാണ് സുജയുടെ താമസം. കൃഷിപ്പണി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. എട്ട് ലക്ഷം രൂപ വായ്പ്പയെടുത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴയും കവുങ്ങും നട്ടിരുന്നു. എല്ലാം മണ്ണോട് ചേർന്നു. ഇനി എന്തു ചെയ്യണമെന്ന് അറിയില്ല. എങ്ങോട്ട് പോവണമെന്നുമറിയില്ല. കടം എങ്ങനെ വീട്ടുമെന്ന് യാതൊരു പിടിയുമില്ല.