മലപ്പുറം: നിസ്കാരപ്പായയും ഖുർആനും മാറ്റിവെച്ച് കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ പള്ളിയിൽ സൗകര്യമൊരുക്കി പോത്തുകല്ല് ജുമാമസ്ജിദ് കമ്മിറ്റിക്കാർ. മഞ്ചേരി മെഡിക്കൽ കോളേജ് ദുരന്തസ്ഥലത്ത് നിന്ന് 45 കിലോമീറ്റർ അകലെയാണെന്നതിനാൽ പോസ്റ്റ്മോർട്ടം നടപടികൾ വൈകിയതോടെയാണ് സ്ത്രീകളുടെ നമസ്കാര ഹാളും അതിനോടു ചേർന്ന് കൈകാലുകൾ കഴുകാനുള്ള ഇടവും വിട്ടു നൽകിയത്. മദ്രസയിൽ നിന്നുള്ള ബെഞ്ചും ഡെസ്കുകളും ഉപയോഗിച്ച് അഞ്ച് പോസ്റ്റുമോർട്ടം ടേബിളുകൾ ഒരുക്കി. മൃതദേഹം കഴുകാനായി പള്ളിയുടെ മയ്യത്ത് ടേബിളും വിട്ടുനൽകി.
അപകടം നടന്ന് ദിവസങ്ങളായതിനാൽ അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ ഏറെയും. ഇവ ഏറെദൂരം കൊണ്ടുപോവുക ദുഷ്കരം. പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു ഏറ്റവും അടുത്ത ആശുപത്രിയെങ്കിലും സൗകര്യം തീരെ കുറവ്. സമീപത്തെ സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളും. തുടർന്നാണ് ദുരന്തസ്ഥലത്തു നിന്ന് പത്തുമിനിറ്റ് മാത്രം അകലെയുള്ള പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ അധികൃതർ സമീപിച്ചത്.
സമ്മതം നൽകിയതിനൊപ്പം തുടർനടപടികൾക്ക് ആവശ്യമായ സൗകര്യവും ഭാരവാഹികൾ ഒരുക്കി. നാലുദിവസത്തിനിടെ ഏഴു മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ പോസ്റ്റുമോർട്ടം നടത്തിയത്. മറ്റുള്ളവ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഫ്രീസറിലേക്കു മാറ്റി.