പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസങ്ങളിലായി കൊടുകുത്തി മലനിരകളിൽ ഉണ്ടായത് ചെറുതും വലുതുമായ 30ഓളം ഉരുൾപൊട്ടലുകൾ. മണ്ണാർമലയിൽ അഞ്ചിടത്ത്, പൊന്ന്യാകുർശ്ശിയിൽ - 3, പാണമ്പിയിൽ -1, കാപ്പു മുഖത്ത് - 1, മാരാമ്പറ്റ കുന്നിൽ - 1, കൊടുകുത്തിമലയുടെ കിഴക്കേ താഴ് വരയിൽ താഴെക്കോട് ഭാഗത്ത് - 1, വിടാവുമലയിൽ - 3, ആനമലയിൽ - 3, അരക്ക്പറമ്പ് മാട്ടറക്കൽ മുക്കിലപറമ്പിന് മുകൾ ഭാഗത്ത് - 3, മലങ്കട മുകൾ ഭാഗത്ത് - 4, വെട്ടത്തുർ തെക്കൻമല ഭാഗത്ത് - 2, വെട്ടത്തൂർ കിളിയത്ത് - 1, മേൽകുളങ്ങരയിൽ -1, രാജാ എസ്റ്റേറ്റിൽ ഒരിടത്തുമാണ് ഉരുൾപൊട്ടലുകൾ ഉണ്ടായത്. ഈ മേഖലകളിലൊക്കെ അനധികൃത ക്വാറികൾ നിലനിന്നിരുന്നതും, പുതിയതായി ക്വാറി, ക്രഷറുകൾ തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങളിലുമാണ് ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുള്ളത്.
ഈ സ്ഥലങ്ങളിലെല്ലാം ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ക്വാറി, ക്രഷർ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെല്ലാം ഉയർന്ന പ്രദേശങ്ങളും താഴ്വാരങ്ങളിലെല്ലാം നിരവധി കുടുംബങ്ങൾ താമസിച്ചു വരുന്നതുമാണ്. അഞ്ച് തവണ ഉരുൾപൊട്ടൽ ഉണ്ടായ മണ്ണാർമലയിൽ പുതുതായി ക്വാറി, ക്രഷർ തുടങ്ങുന്ന അതേ സ്ഥലത്തു തന്നെയാണ് ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. പൊന്ന്യാകുർശ്ശിയിൽ മൂന്ന് പ്രാവശ്യം ഉരുൾപൊട്ടി വൻ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. അതും നിർദ്ദിഷ്ട ക്വാറി, ക്രഷർ പ്രദേശമാണ്. പാണമ്പിയിൽ ആദിവാസി കോളനിക്ക് സമിപം ഉരുൾപൊട്ടി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കാപ്പുമുഖത്ത് പൊട്ടിപ്പാറയിലും നാശം വിതച്ചു ഉരുൾപൊട്ടൽ ഉണ്ടായി. താഴേക്കോട് മാരാമ്പറ്റ കുന്നിൽ വൻ കൃഷിനാശവും റോഡും തകർന്നു. താഴെക്കോട് കൊടുകുത്തി മലയുടെ കിഴക്കേ ചെരിവിൽ വീടുകൾക്ക് കേടുവരികയും കൃഷി നാശമുണ്ടാവുകയും ചെയ്തു.
വിടാവുമലയിൽ നിർദ്ദിഷ്ട ക്വാറി, കൃഷർ തുടങ്ങാനുള്ള അനുമതിക്കായി ഹൈക്കോടതിയിൽ കേസ് നടക്കുന്നതുമാണ്. 26.12 ഏക്കർ ഭൂമിയുടെ മദ്ധ്യഭാഗത്ത് തന്നെ രണ്ട് സ്ഥലത്ത് വൻ മരങ്ങളും പാറകളും കിലോമീറ്ററുകളോളം ഒഴുകിയിറങ്ങി വൻകൃഷി നാശങ്ങൾ ഉണ്ടാക്കുകയും, ചോലവഴി ഒഴുകിയിറങ്ങിയതിനാൽ താഴെയുള്ള വീടുകൾക്കോ മനുഷ്യർക്കോ അപകടം ഉണ്ടായിട്ടില്ല. വിടാവുമലയിൽ തൊട്ടടുത്ത സ്ഥലത്ത് മറ്റൊരു ഉരുൾപൊട്ടൽ കൂടി ഉണ്ടായിട്ടുണ്ട്.
മാട്ടാറക്കൽ മുക്കിലപറമ്പിലെ ആനമലയിൽ മൂന്ന് ഉരുൾപ്പൊട്ടലുകൾ ഉണ്ടായി വൻ കൃഷി നാശവും വിടുകൾക്ക് കേടും സംഭവിച്ചു. എതിർ ഭാഗത്തെ കമ്പിമലയിലും നാലിടത്തായി ഉരുൾപൊട്ടി താഴെ മലങ്കടയിലുള്ള വീടുകളിൽ വെള്ളം കയറുകയും, 20 ഓളം ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിപ്പോവുകയും വൻ കൃഷി നാശവുമുണ്ടായി. ഇവിടെയും അനധികൃത ക്വാറി പ്രവർത്തിക്കുകയും ക്വാറി, കൃഷർ തുടങ്ങുന്നതിന് ശ്രമം നടന്നുവരുന്നതായും നാട്ടുകാർ പറയുന്നു. വെട്ടത്തൂർ മലയിൽ രണ്ടിടത്ത് കൃഷി നാശം വിതച്ച് ഉരുൾപൊട്ടി. തൊട്ടടുത്ത കിളിയത്തും ഉരുൾപൊട്ടി നാശനഷ്ടങ്ങൾ ഉണ്ടായി. ക്രഷറിന് അനുമതി ലഭിക്കുകയും ക്വാറിക്ക് അപേക്ഷ നല്കി തുടങ്ങാൻ കാത്തിരിക്കുന്ന മേൽകുളങ്ങരമലയിലും ഉരുൾപൊട്ടി നാശനഷ്ടങ്ങളുണ്ടായി.
കൂടാതെ രാജാ എസ്റ്റേറ്റിൽ ഉരുൾപൊട്ടി വൻകൃഷി നാശവും റോഡ് തകർന്ന് ഗതാഗത തടസ്സവും നേരിട്ടു. 9,10 തിയതികളിലായി രണ്ട് ദിവസം മാത്രം ഒരുമലയുടെ ചുറ്റുഭാഗത്തായി ഇത്രയും അധികം ഉരുൾപൊട്ടലുകൾ ഉണ്ടായത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇവിടങ്ങളിലെ പല സ്ഥലങ്ങളിലും ആളുകൾ ബന്ധുവീടുകളിലേയ്ക്ക് മാറ്റിയും, മലങ്കട പോലുള്ള സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചുവരുന്നു. ജില്ലയിൽ മറ്റു വൻദുരന്തങ്ങൾ ഉണ്ടായതിനാൽ അധികാരികൾ കൊടുകുത്തി മലയോടെ ചേർന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ഗൗരവമായി കാണുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇരുട്ടിൽതപ്പി അധികൃതർ
ഒരുമലയുടെ ചുറ്റിലും തന്നെ മുപ്പതിലധികം ഉരുൾപൊട്ടലുകളുണ്ടായിട്ടും യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കാക്കാടാംപൊയിൽ തടയണ, കോഴിക്കോട് ചക്കിട്ടപാറ അപകടങ്ങൾക്കു കാരണമായത് ഉയർന്ന സ്ഥലത്തുള്ള വെള്ളസംഭരണികളും കൈയ്യേറ്റങ്ങളുമാണെന്നിരിക്കെ കൊടുകുത്തി മലയിൽ ക്രഷറിനും ക്വാറിക്കും അനുമതി നൽകുകയാണ് അധികൃതർ ചെയ്യുന്നത്. സ്ഥിരമായി ഉരുൾപൊട്ടുന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനവും അധികൃതർ നടത്തുന്നില്ല.