മഞ്ചേരി: പ്രളയകാലത്ത് ദുരന്തമുഖത്തെ കാഴ്ചകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്താത്ത നിരവധി കുടുംബങ്ങളാണ് അനിവാര്യമായ സഹായങ്ങൾ ലഭിക്കാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളത്. ഇവരിലേക്കു സഹായമെത്തിക്കാൻ സന്നദ്ധ സംഘടനകൾ മാത്രമാണ് രംഗത്തുള്ളത്.
പ്രളയം തീർത്ത മഹാവിപത്തിൽ നിന്നു കരകയറാനുള്ള അക്ഷീണ ശ്രമത്തിലാണ് ജില്ല. നിലമ്പൂർ മേഖലയിലെ ദുരന്തവ്യാപ്തിയിൽ സംസ്ഥാനംതന്നെ പകച്ചിരിക്കുമ്പോൾ ആശ്വാസമായി വർത്തിക്കുകയാണ് വിവിധ സന്നദ്ധ സംഘങ്ങൾ. ആയിരങ്ങൾ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പുകൾ മാത്രം കേന്ദ്രീകരിച്ചു ജില്ലയിൽ നിന്നും ഇതര ജില്ലകളിൽ നിന്നും സഹായങ്ങളെത്തുമ്പോൾ ക്യാമ്പുകളിൽ പോവാതെ അയൽവീടുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ച ദുരന്തബാധിതരുടെ നില അതീവ പരിതാപകരമാണ്.
ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകൾ മാത്രമാണ് ഈ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത്.മഞ്ചേരിയിലെ കണ്ണട ചാരിറ്റബിൾ ട്രസ്റ്റിന്റെ ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രം പോലെയുള്ളവ ഇത്തരം പ്രവർത്തനങ്ങളിൽ മാതൃകയാണ്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രവർത്തകർ സുമനസുകളുടെ സഹായത്തോടെ എത്തിച്ച വിഭവങ്ങൾ അർഹരായവരിൽ എത്തിക്കാനുള്ള അക്ഷീണ പ്രവർത്തനം ആരംഭിച്ചിട്ടു ദിവസങ്ങൾ പിന്നിട്ടു.
ഭക്ഷ്യ വിഭവങ്ങളും വസ്ത്രങ്ങളും സോപ്പുകൾ, മരുന്നുകൾ തുടങ്ങി അവശ്യ വസ്തുക്കളാണ് സമാഹരിച്ചു അർഹരായവരിൽ എത്തിക്കുന്നത്. പ്രളയം ബാധിച്ച വിവിധ കേന്ദ്രങ്ങളിൽ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്നതു നിരവധി കുടുംബങ്ങളാണ്. വീടുകൾ ഉപയോഗശൂന്യമായി ജീവിതോപാധികളും സമ്പാദ്യങ്ങളും പൂർണമായി നഷ്ടപ്പെട്ടവർ, ഉടുതുണിക്കു മറുതുണിയില്ലാത്തവരടക്കം ക്യാമ്പുകളിലേക്കെത്തിയിട്ടില്ല എന്ന കാരണത്താൽ അവഗണിക്കപ്പെടുകയാണ്. ജില്ല കേന്ദ്രീകരിച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന യുവജന സന്നദ്ധ സംഘങ്ങൾ ദുരന്തരംഗത്തു നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഖനീയമാണ്. പ്രവാസികളുൾപ്പെടെയുള്ളവരുടെ നിറഞ്ഞ സഹായ സഹകരണങ്ങളും ഈ ഉദ്യമങ്ങൾക്കു തുണയേകുന്നു. മാനവികത നഷ്ടമാവാത്ത വലിയൊരു സംഘം കൈകോർക്കുകയാണ് തന്നാലായ വിധം നാടിന്റെ വീണ്ടെടുപ്പിന്.