എടക്കര: ആ കാർ അന്ന് പിറകോട്ട് നീങ്ങാതിരുന്നെങ്കിൽ. കാറിനെ പിടിച്ചു നിറുത്താൻ ഒാടിയെത്താതിരുന്നെങ്കിൽ... രണ്ടാം ജന്മത്തിന് നിമിത്തമായ ചുവന്ന മാരുതി ബ്രെസയ്ക്ക് നന്ദി പറയുകയാണ് ഉരുൾപൊട്ടൽ പാതാളമാക്കിയ മലപ്പുറം പാതാർ പ്രദേശത്തെ ഇരുപതോളം പേർ.
സംഭവം ഇങ്ങനെ: ഉരുൾപൊട്ടലുണ്ടായ എട്ടിന് പകൽ നാലോടെ പാതാർ തോട്ടിലെ ജലനിരപ്പുയരുകയും വെള്ളം വല്ലാതെ കലങ്ങുകയും ചെയ്തിരുന്നു. ഇത് കാണാനായി നിരവധി പേർ അങ്ങാടിയിൽ തടിച്ചുകൂടി. ചിലർ സമീപത്തെ വീടുകളിലേക്ക് മുന്നറിയിപ്പ് നൽകാനായി നീങ്ങി. ഈ സമയത്താണ് പാതാർ അങ്ങാടിക്ക് അല്പം മുകളിലുള്ള മാവുങ്കൽ ഷെരീഫിന്റെ വീട്ടുമുറ്റത്തു നിറുത്തിയിട്ടിരുന്ന ചുവന്ന മാരുതി ബ്രസയിൽ അദ്ദേഹത്തിന്റെ മകൻ മൊബൈൽ ചാർജ് ചെയ്യാൻ കയറിയത്. കനത്ത മഴ കാരണം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.
മൊബൈൽ കുത്തിവച്ച ശേഷം പുറത്തിറങ്ങി പോയപ്പോൾ വണ്ടി പതുക്കെ പിറകോട്ട് നീങ്ങാൻ തുടങ്ങി. ഇതു കണ്ട ഇരുപതോളം പേർ കാറിനടുത്തേക്ക് ഓടിയെത്തി. നിമിഷങ്ങൾക്കകം ഭയാനക ശബ്ദത്തോടെ ഗർഭംകലക്കി മലയിലും തേൻമലയിലും ഉരുൾപൊട്ടി പാറക്കൂട്ടങ്ങളും വൻമരങ്ങളുമായി മലവെള്ളം ആർത്തലച്ചെത്തി. കാറിനെ പിടിച്ചു നിറുത്താനെത്തിയവർ നിന്നിരുന്ന താഴ്ന്ന പ്രദേശത്തെയാകെ തുടച്ചു മാറ്റിയാണ് മലവെള്ളം കടന്നുപോയത്. ഉയർന്ന ഭാഗത്ത് കാറിനടുത്തായതിനാൽ മാത്രം ഇവർ രക്ഷപ്പെട്ടു. ചിലർക്ക് നിസാര പരിക്കു പറ്റിയെന്നു മാത്രം.
ഷെരീഫിന്റെ വലിയ വീടിന്റെ പകുതി ഭാഗം ഉരുൾപൊട്ടലിൽ തകർന്നു. കൂറ്റൻ പാറക്കല്ലുകൾ നിറഞ്ഞ ഒരു പുഴയാണ് ഇപ്പോൾ പാതാർ.