തിരൂരങ്ങാടി: തെരുവുനായ്ക്കളുടെ ശല്യം കാരണം യാത്രക്കാർക്ക് റോഡിലിറങ്ങാൻ വയ്യാതായി. ചെമ്മാട് ടൗണിലാണ് തെരുവ് നായ്ക്കൾ സ്വൈരവിഹാരം നടത്തുന്നത്.
വെള്ളിയാഴ്ച്ച പകൽ ആളുകൾ നോക്കി നിൽക്കെ ചെമ്മാട് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിന് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഡസൻ കണക്കിന് തെരുവ് നായ്ക്കളാണ് ചെമ്മാട് ടൗണിൽ ജനങ്ങൾക്ക് ഭീഷണിയായി മാറുന്നത്. നായ്ക്കൾ ഒറ്റയായും കുട്ടത്തോടെയും ആളുകളെ തൊട്ടുരുമ്മി കടന്നുപോകുന്നത് ടൗണിലെ സ്ഥിരം കാഴ്ചയാണ്. പലരും തലനാരിഴയ്ക്കാണ് ഇവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്. താലൂക്ക് ഓഫീസ് വളപ്പ്, പൊലിസ് ക്വർട്ടേഴ്സ് കോമ്പൗണ്ട് എന്നിവിടങ്ങളാണ് ഇവയുടെ പ്രധാന താവളം. ഇവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട തൊണ്ടി വാഹനങ്ങൾക്കിടയിൽ ഇവ പെറ്റുപെരുകുകയാണ്. ബസ് സ്റ്റാന്റിലും മറ്റും ഭീതിയോടെ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, സബ് രജിസ്ട്രാർ ഓഫീസ്,സബ് ട്രഷറി, പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എത്തുന്നവരും നായ ഭീഷണി നേരിടുന്നുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണ പദ്ധതികൾ തിരൂരങ്ങാടി നഗരസഭയിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. തെരുവ് നായ്ക്കളുടെ ശല്യം തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.