gpr

മലപ്പുറം: കവളപ്പാറ ഉരുൾപൊവട്ടലിൽ കാണാതായവർക്കായി ഇന്ന് ജി.പി.ആർ (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ)​ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഇതിനായി ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആറംഗ ശാസ്ത്രജ്ഞരുടെ സംഘം വിമാനമാർഗം ഇന്നലെ വൈകിട്ട് കരിപ്പൂരിലെത്തി.

രണ്ട് ശാസ്ത്രജ്ഞൻമാരും ഒരു ടെക്നിക്കൽ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉൾപ്പെട്ടതാണ് സംഘം. പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായ ആനന്ദ് കെ.പാണ്ഡെ, രത്നാകർ ദാക്‌തെ, ടെക്നിക്കൽ അസിസ്റ്റന്റ് ദിനേശ് കെ.സഹദേവൻ, സീനിയർ റിസർച്ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയർ റിസർച്ച് ഫെലോകളായ സതീഷ് വർമ്മ, സഞ്ജീവ് കുമാർ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് സെറ്റ് ജി.പി.ആർ ഉപകരണം സംഘത്തിന്റെ കൈവശമുണ്ട്. ഭൂമിക്കടിയിൽ 20 മീറ്റർ താഴ്ചയിൽ നിന്ന് വരെയുള്ള സിഗ്നലുകൾ പിടിച്ചെടുക്കാൻ ഉപകരണത്തിന് സാധിക്കും. കൺട്രോൾ യൂണിറ്റ്, സ്‌കാനിംഗ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം.

ദുരന്തമുണ്ടായി പത്തുദിവസം പിന്നിട്ടിട്ടും 19 മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. ദുരന്തപ്രദേശം ഇതിനകം തന്നെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് അടിമുടി പരിശോധിച്ചിട്ടുണ്ട്. 59 പേരെ കാണാതായതിൽ 40 മൃതദേഹങ്ങളാണ് ലഭിച്ചത്. മൺകൂനകളും ചെളിയും വെള്ളവും മരങ്ങളും കുമിഞ്ഞുകിടക്കുന്നതിനാൽ മൃതദേഹങ്ങൾ കണ്ടെത്തുക ഏറെ പ്രയാസകരമാണ്. മൃതദേഹങ്ങൾ തീർത്തും അഴുകിയ നിലയിലും ഛിന്നഭിന്നമായുമാണ് കണ്ടെത്തുന്നത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള തെരച്ചിൽ ഇനി ഫലപ്രദമാവില്ലെന്ന നിഗമനത്തിലാണ് ജി.പി.ആർ‌ സംവിധാനം ഉപയോഗിക്കുന്നത്.

സൈനികൻ വിഷ്ണു വിജയന്റേതടക്കം രണ്ട് മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് ഇന്നലെ കണ്ടെത്തിയത്. സഹോദരിയുടെ വിവാഹ ചടങ്ങുകൾക്കായി ഉരുൾപൊട്ടൽ ഉണ്ടായതിന്റെ രണ്ട് ദിവസം മുമ്പാണ് വിഷ്ണു നാട്ടിലെത്തിയത്. വിഷ്ണുവിന്റെ അച്ഛന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.

ജി.പി.ആർ പ്രവർത്തിക്കുന്നതിങ്ങനെ

റഡാറിലെ വൈദ്യുത കാന്തിക തരംഗങ്ങളുപയോഗിച്ച് ഭൗമാന്തർഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാൻ ഉപയോഗിക്കുന്ന നൂതനസാങ്കേതിക വിദ്യയാണിത്. അൾട്രാ ഹൈ ഫ്രീക്വൻസി, വെരി ഹൈ ഫ്രീക്വൻസി തരംഗങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ഭൂമിക്കടിയിലെ വസ്തുക്കളിൽ തട്ടി തിരിച്ചുവരുന്ന സിഗ്നലുകളെ റ‌ഡാർ സംവിധാനത്തിലെ സെൻസറുകൾ ഉപയോഗിച്ച് ഡിജിറ്റൽ പ്രോസസിംഗ് നടത്തും. കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രൊഫൈൽ ചിത്രങ്ങളായി വരച്ചെടുക്കും. ഇവ അപഗ്രഥിച്ചാണ് മണ്ണിനടിയിലെ വസ്തുവിന്റെ രൂപം തിരിച്ചറിയുക.

മനുഷ്യശരീരം കണ്ടെത്താൻ സൈനിക കേന്ദ്രങ്ങളിൽ ജി.പി.ആർ ഉപയോഗിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെ ബന്ധപ്പെട്ടത്. വെള്ളമില്ലാത്ത സ്ഥലങ്ങളിലാണ് പരിശോധന കൂടുതൽ അനുയോജ്യമെന്നാണ് സംഘം അറിയിച്ചത്.

യു.അബ്ദുൾ കരീം,​ ജില്ലാ പൊലീസ് മേധാവി