തിരൂരങ്ങാടി: വിവാഹച്ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പ് ഓഡിറ്റോറിയത്തിന്റെ ഭക്ഷണഹാൾ തകർന്നു വീണു. ചെമ്മാട് മാനിപ്പാടത്ത് പ്രവർത്തിക്കുന്ന ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിന്റെ ഭക്ഷണഹാളാണ് ശനിയാഴ്ച പുലർച്ചെ ഇടിഞ്ഞു വീണത്. പ്രളയത്തിൽ വെള്ളം കയറിയ ഓഡിറ്റോറിയത്തിൽ നിന്നും വെള്ളം ഇറങ്ങിയതിന് പിന്നാലെയാണ് അപകടം.
മാനിപ്പാടത്ത് വയലിൽ മണ്ണിട്ട് നികത്തി കെട്ടിടം നിർമ്മിക്കുന്നത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് നഗരസഭ അനുമതി നൽകിയതോടെ ഓഡിറ്റോറിയം പ്രവർത്തനം തുടങ്ങി. അനധികൃതമായി മണ്ണിട്ട് നികത്തി നിർമ്മിച്ച ഭക്ഷണഹാളാണ് തറഭാഗം ഉൾപ്പെടെ ഇടിഞ്ഞു വീണത്. കെട്ടിട നിർമ്മാണ ചട്ട ലംഘനത്തിനും നിയമവിരുദ്ധമായി നമ്പർ നൽകിയതിനും ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ നടന്നു കൊണ്ടിരിക്കെയാണ് അപകടം. റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് വയലിൽ നിർമ്മാണം നടത്തിയതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. പുലർച്ചെയാണ് സംഭവമെന്നതിനാൽ ആളപായമുണ്ടായില്ല. അധികൃതർ സ്ഥലത്തെത്തി ചടങ്ങുകൾ നടത്തരുതെന്ന് നിർദ്ദേശിച്ചെങ്കിലും ഇന്നലെ വിവാഹ ചടങ്ങു നടത്തി.