ravi

തിരൂർ: വെള്ളക്കെട്ടിൽ വീണ മകനെയും ബന്ധുവിനെയും രക്ഷിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച അബ്ദുൾ റസാഖിന്റെ കുടുംബത്തിന് നടൻ മോഹൻലാലിന്റെ സഹായഹസ്തം. പ്ലസ് വണ്ണിലും ഒമ്പതാംക്ലാസിലും പഠിക്കുന്ന റസാഖിന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസച്ചെലവ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഹിക്കും. കുടുംബത്തിന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ഫൗണ്ടേഷൻ ഡയറക്ടർ മേജർ രവി റസാഖിന്റെ തിരുനാവായ സൗത്ത് പല്ലാറിലെ വീട്ടിലെത്തി കൈമാറി. മോഹൻലാൽ കുട്ടികളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.

രണ്ട് ആൺമക്കളുടെയും ഡിഗ്രി വരെയുള്ള പഠനച്ചെലവ് ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീടിന്റെ ആവശ്യമുണ്ടെങ്കിൽ പരിശോധിച്ച്‌ നടപടി കൈക്കൊള്ളുമെന്നും മേജർ രവി പറഞ്ഞു.
നടൻ മോഹൻലാൽ തന്റെ മാതാപിതാക്കളുടെ പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.

ഇക്കഴിഞ്ഞ ആഗസ്റ്റ് പതിമൂന്നിനാണ്
തിരുനാവായ സൗത്ത് പല്ലാറിൽ റസാഖിന്റെയും സഹോദരന്റെയും മക്കളായ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ വെള്ളക്കെട്ടിൽ നിന്നും രക്ഷിച്ചശേഷം അബ്ദുൾ റസാഖ് കുഴഞ്ഞു വീണത്. നാട്ടുകാർ തിരൂർ മിഷൻ അശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചുപോകാനിരിക്കുന്നതിനിടെയാണ് ദുരന്തം.
വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഹൻലാൽ സഹായവുമായി രംഗത്തെത്തിയത്.

ഒരു മണിക്കൂർനേരം റസാഖിന്റെ മക്കളെ ആശ്വസിപ്പിച്ച് ധൈര്യം പകർന്ന് നൽകിയാണ് മേജർ രവി മടങ്ങിയത്.