bike-key

കോഴിക്കോട്: മോഷണം പോയ ഒന്നരലക്ഷത്തോളം വിലയുള്ള ബൈക്ക് യുവകൂട്ടായ്മയുടെ ഇടപെടലിന്റെ ഫലമായി ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. മലപ്പുറം സ്വദേശി കെ.എൻ.മുഹമ്മദ് മിഷബിന്റെ കെ.എൽ.10 ബി.ബി. 8509 നമ്പർ യമഹ ആർ വൺഫൈവ് ബൈക്കാണ് കോഴിക്കോട്ട് നിന്ന് കണ്ടെടുത്തത്.


വീട്ടുമുറ്റത്ത് നിറുത്തിയിട്ട ബൈക്ക് മോഷണം പോയത് സംബന്ധിച്ച് മുഹമ്മദ് മിഷബ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ ദിവസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നു. ബൈക്ക് അപഹരിച്ച് കടന്നയാൾ വാഹനത്തിൽ പെട്രോൾ തീർന്നതോടെ വൈ.എം.സി.എ ക്രോസ് റോഡിൽ മിൽമ ബൂത്തിന് സമീപം ഉപേക്ഷിച്ചു. ബൈക്കിന് മുകളിലുണ്ടായിരുന്ന ഹെൽമറ്റും ജാക്കറ്റും അപഹരിക്കപ്പെട്ട നിലയിലായിരുന്നു.


പ്രദേശത്ത് ഒരാഴ്ചയായി സംശയാസ്പദമായ നിലയിൽ നിറുത്തിയിട്ട ബൈക്ക് ശ്രദ്ധയിൽപെട്ട ‘മിൽമ ഗ്രൂപ്പ്’ എന്ന പേരിലുള്ള യുവാക്കളുടെ സംഘം എം.വി.ഡി വെബ്സൈറ്റ് വഴി ബൈക്കിന്റെ ആർ.സി ഉടമയെ കണ്ടെത്തി. പ്രദേശവാസികളായ ശരത്ത്, സഞ്ജു, അറഫാത്ത്, മിഥുൻ, അശ്വിൻ മോഹൻ, അർജ്ജുൻ, കെ.അരുൺ, ദാവീദ്, വിനു തുടങ്ങിയവരടങ്ങിയ സംഘം ആർ.ടി.ഒ ഓഫീസിലെ ഒരു ഏജന്റ് മുഖാന്തരം വാഹന ഉടമയുടെ നമ്പർ തേടിപ്പിടിച്ച് ബന്ധപ്പെടുകയായിരുന്നു.
യുവാക്കൾ വിളിച്ച് പറഞ്ഞതനുസരിച്ച് ശനിയാഴ്ച വൈകിട്ട് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ ഒരു സി.പി.ഒയ്ക്കൊപ്പം വാഹനഉടമ വൈ.എം.സി.എ ക്രോസ് റോഡിലെത്തി. തുടർന്ന് പ്രദേശം ഉൾപ്പെടുന്ന നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ബൈക്ക് രാത്രിയോടെ മുഹമ്മദ് മിഷബിന് പൊലീസ് വിട്ടുനൽകുകയായിരുന്നു.