മലപ്പുറം: മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്നലെ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 46 ആയി. അനക്കരൻ പാലൻ (75), പാലത്ത് വീട്ടിലെ ശിവന്റെ മകൾ ശ്രീലക്ഷ്മി (15), ചീരോളി ശ്രീധരൻ (60) എന്നിവരെയാണ് ഇന്നലെ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 13 പേരെ കൂടി കണ്ടെത്താനുണ്ട്.
അതേസമയം കവളപ്പാറയിൽ മൃതദേഹങ്ങൾ കണ്ടെത്താൻ ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിച്ച ജി.പി.ആർ (ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ) ഉപയോഗിച്ചുള്ള തെരച്ചിൽ ഫലം കണ്ടില്ല. വെള്ളത്തിന്റെ വലിയ സാന്നിദ്ധ്യം മൂലം റഡാർ കിരണങ്ങൾക്ക് മണ്ണിലേക്ക് പോവാൻ കഴിയുന്നില്ലെന്ന് ആറംഗ സംഘത്തിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ആനന്ദ് കെ. പാണ്ഡെ പറഞ്ഞു. മണ്ണ് ചെളിക്കുളമായി കിടക്കുന്നതും തടസമാണ്. ഇന്നലെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് ജി.പി.ആർ പ്രവർത്തിപ്പിച്ചത്. കവളപ്പാറയിൽ നിന്ന് മടങ്ങിയ സംഘം ഇന്ന് വയനാട്ടിലെത്തും.
ശക്തമായ മഴയെ തുടർന്ന് പലതവണ തെരച്ചിൽ നിറുത്തിവച്ചു. ദേശീയ ദുരന്ത നിവാരണ സേന, ഫയർഫോഴ്സ്, പൊലീസ്, സന്നദ്ധ പ്രവർത്തകരാണ് തെരച്ചിൽ നടത്തുന്നത്. സൈന്യം തെരച്ചിൽ അവസാനിപ്പിച്ചു മടങ്ങി. ജീവൻ രക്ഷിക്കുകയെന്ന ദൗത്യവുമായെത്തിയ സൈന്യം ദുരന്തമുണ്ടായി പത്തുദിവസം പിന്നിട്ട പശ്ചാത്തലത്തിലാണ് മടങ്ങിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തെരച്ചിൽ വീണ്ടും തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽകരീം പറഞ്ഞു.