മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പോയവർ കരിപ്പൂർ വഴി തിരിച്ചെത്തിത്തുടങ്ങി. ആദ്യദിനമായ ഇന്നലെ നാല് വിമാനങ്ങളിലായി 1,200 ഹാജിമാരാണ് മടങ്ങിയെത്തിയത്. ആദ്യവിമാനം രാവിലെ 7.30ന് കരിപ്പൂരിലെത്തി. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, കാരാട്ട് റസാഖ് എന്നിവർ സ്വീകരിച്ചു.
കരിപ്പൂരിൽ വിമാനമിറങ്ങുന്ന ഹാജിമാരെ ഹജ്ജ് ടെർമിനലിൽ എത്തിച്ച് എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കിയാണ് പുറത്തിറക്കുന്നത്. ഓരോ ഹാജിമാർക്കും അഞ്ച് ലിറ്ററിന്റെ സംസം ജലം നൽകുന്നുമുണ്ട്. ഇവ നേരത്തെ തന്നെ വിമാനത്താവളങ്ങളിൽ എത്തിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയിൽ ദുരിതത്തിലായ നാടിന് സഹായം കൈമാറിയാണ് ഹാജിമാർ മടങ്ങുന്നത്. ഇന്നലെ നാലുവിമാനങ്ങളിൽ നിന്നായി 1.41ലക്ഷം രൂപയാണ് സ്വരൂപിച്ചത്. കരിപ്പൂരിൽ നിന്ന് 19, 20, 21, 22, 23, 25, 27, 29, 30, സെപ്തംബർ 2, 3 തീയതികളിൽ ദിവസേന രണ്ട് വിമാനങ്ങളും 24, 26, 28 തീയതികളിൽ മൂന്ന് വിമാനവും 31, സെപ്തംബർ 1 തീയതികളിൽ ഓരോ വിമാനവുമാണ് ഷെഡ്യൂൾ ചെയ്തത്. സെപ്തംബർ മൂന്നിനാണ് ഹാജിമാരുടെ അവസാന സംഘമെത്തുക. കേരളത്തിൽ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന ഈവർഷം 13,829 പേരാണ് ഹജ്ജിന് പോയത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് സൗദി എയർലെൻസ് 37 സർവീസുകളും നെടുമ്പാശേരിയിലേക്ക് എയർഇന്ത്യ എട്ട് സർവീസുകളുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.