മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയക്കെടുതികളിൽ ജില്ലയിൽ വ്യാപക കൃഷി നാശം. ജില്ലയിൽ മാത്രം 142 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. 3042 ഹെക്ടർ കൃഷി പ്രളയത്തിൽ പൂർണ്ണമായും നശിച്ചു. ജില്ലയിലെ 26,212 കർഷകരെയാണ് കൃഷി നാശനഷ്ടം നേരിട്ട് ബാധിച്ചിരിക്കുന്നത്. നിലമ്പൂർ താലൂക്കിലാണ് എറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. 13,60 ഹെക്ടറിൽ 15 കോടിയലധികം രൂപയുടെ നാശനഷ്ടമാണ് നിലമ്പൂരിൽ കണക്കാക്കിയിരിക്കുന്നത്. 2,471 കർഷകരെയാണ് നിലമ്പൂരിൽ നേരിട്ട് ബാധിച്ചതെന്നാണ് ഏകദേശം കണക്ക്. ഓണവിപണിക്ക് വിളവെടുക്കാനായി തയ്യാറാക്കി നിർത്തിയിരുന്ന വാഴകൃഷിയിലാണ് കർഷകർക്ക് ഏറെ നഷ്ടമുണ്ടായത്. 18.75 ലക്ഷം വാഴകളാണ് പ്രളയത്തിൽ നശിച്ചത്. വാഴകൃഷിയിൽ മാത്രം 93.95 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് വിലയിരുത്തുന്നത്. കൂടാതെ തെങ്ങ്, റബ്ബർ, ജാതിക്ക, കവുങ്ങ് തുടങ്ങിയ കാർഷിക വിളകളും വെള്ളം കയറിയും ശക്തമായ കാറ്റിലും നശിച്ചിട്ടുണ്ട്. 365.51 ഹെക്ടർ നെൽകൃഷിയും 125.30 ഹെക്ടറിൽ കിഴങ്ങും കൃഷിയും നശിച്ചു. ഓണത്തിനായി ഒരുക്കിയിരുന്ന 180.98 ഹെക്ടർ പച്ചക്കറിയും വെള്ളം കയറി നശിച്ചു.
35.80 ഹെക്ടർ ഇഞ്ചി കൃഷിയും 57.52 ഹെക്ടർ കുരുമുളക് കൃഷിയും നശിച്ചു.
33,963 തെങ്ങുകളും 86,392 കവുങ്ങുകളും കടപുഴകി വീണു. കനത്ത കാറ്റിൽ 34,958 റബ്ബർ മരങ്ങളും 6,232 ജാതിമരങ്ങളും നശിച്ചു. റബ്ബർ കൃഷിയിൽ മാത്രം 6.35 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ എള്ള്, വെറ്റില, കപ്പ തുടങ്ങിയ വിളകളെയും പ്രളയം നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്. നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി, താലൂക്കുകളിലെ കാർഷികമേഖലയാണ് പ്രളയം ഏറെ ബാധിച്ചിരിക്കുന്നത്.