മഞ്ചേരി: നിരവധി ജീവനുകളെടുത്ത കവളപ്പാറയിലെ ഉരുൾപൊട്ടലിന് പിന്നാലെ വേട്ടേക്കോട് പുല്ലഞ്ചേരി പ്രദേശം ആശങ്കയുടെ മുൾമുനയിൽ. കനത്ത മഴയ്ക്ക് പിന്നാലെ പുല്ലഞ്ചേരി മലയുടെ താഴ്വാരത്ത് മണ്ണിടിച്ചിൽ തുടരുന്നത് ഇവിടങ്ങളിലെ 135 കുടുംബങ്ങളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. പുല്ലഞ്ചേരി മലയിലെ ക്രഷർ, ക്വാറി യൂണിറ്റിന്റെ പ്രവർത്തനമാണ് മണ്ണിടിച്ചിലിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. 20 അടിയോളം താഴ്ചയിൽ പാറമടയിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അധികമായി വരുന്ന ജലം പുറത്തേക്കൊഴുക്കുവാൻ ചാല് കീറിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒമ്പതിനുണ്ടായ ശക്തമായ മഴയിൽ ക്വാറിയിൽ നിന്ന് വെള്ളം ജനവാസ പ്രദേശങ്ങളിലേക്ക് കുത്തിയൊലിക്കുകയായിരുന്നു.
നിരവധി വീടുകളിലാണ് വെള്ളം കയറിയത്. നിനച്ചിരിക്കാതെ വീടുകളിൽ വെള്ളമെത്തിയപ്പോൾ കുടുംബാംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിക്കുക മാത്രമായിരുന്നു നാട്ടുകാർക്കു മുന്നിലെ പോംവഴി. വെള്ളമൊഴുക്കിന് പിന്നാലെ മണ്ണിടിച്ചിലുമുണ്ടായതാണ് നാട്ടുകാരെ ഭീതിപ്പെടുത്തുന്നത്.
കാൽനൂറ്റാണ്ടായി വേട്ടേക്കോട് പുല്ലഞ്ചേരിയിൽ പ്രവർത്തിക്കുന്ന ക്വാറി ക്രഷർ യൂണിറ്റിനെതിരെ നാട്ടുകാർ പരാതികളുമായി രംഗത്തുണ്ട്. നിർബാധം അരങ്ങേറുന്ന ഖനനം പുല്ലഞ്ചേരി മലയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്. മണ്ണിടിച്ചിൽ തുടർന്നാൽ കവളപ്പാറയ്ക്ക് സമാനമായ അവസ്ഥയാവും ഇവിടെയും. ക്വാറിയുടെ പ്രവർത്തനം സൈര്യജീവിതം തകർത്തതായി നാട്ടുകാർ പറയുന്നു. ക്വഷറിലെ പാറപ്പൊടിയടിഞ്ഞ് പ്രദേശമാകെ വാസയോഗ്യമല്ലാതായി തീരുമ്പോഴും അധികൃതർക്ക് മൗനമാണ്. വീടുകളിൽ വിള്ളൽ വീണും ജലാശയങ്ങൾ മലിനമാവുന്നതടക്കം പാറഖനനം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും നിരവധിയാണ്. കല്ലുകൾ വീണ് കുട്ടികൾക്കുവരെ പരിക്കേറ്റ സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്വാറിക്കെതിരെ അധികൃതർക്ക് നാട്ടുകാർ പലതവണ പരാതികൾ നൽകിയെങ്കിലും നടപടികളുണ്ടായിട്ടില്ല. മണ്ണിടിച്ചിൽ തുടരുന്ന പുല്ലഞ്ചേരി മലയോരം സുരക്ഷിതമാണെന്ന ഉറപ്പ് അധികൃതർ നൽകണമെന്നും ഇതല്ലെങ്കിൽ ക്വാറി ക്രഷർ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.