എടക്കര: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മലയോരമേഖലക്ക് സമ്മാനിച്ചത് കണക്കു കൂട്ടിയെടുക്കാൻ കഴിയാത്തത്ര നാശനഷ്ടങ്ങൾ. നടുവൊടിഞ്ഞ കാർഷിക മേഖലയും കച്ചവടമേഖലയും നിവർന്നു നിൽക്കാൻ ഇനി മാസങ്ങൾ വേണ്ടി വരും. കർഷകരുടെയും കച്ചവടക്കാരുടെയും സ്വപ്നങ്ങളെ പാടെ തകർത്തെറിഞ്ഞാണ് ഇരമ്പിയെത്തിയ ഉരുൾവെള്ളം ഇറങ്ങിപോയത്. കവലളപാറയിൽ 59 ജീവൻ മണ്ണിനടിയിലായി. വീടും തൊടിയുമില്ലാതെ ആയിരങ്ങൾ ഒറ്റപ്പെട്ടു.
നിലമ്പൂരിൽ കച്ചവടസ്ഥാപനങ്ങളാണ് ഏറെ നശിച്ചതെങ്കിൽ എടക്കരയിൽ കൃഷിഭൂമികളാണ് പ്രളയം തകർത്തെറിഞ്ഞത്. മുണ്ടേരിയിൽ സംസ്ഥാന വിത്തുകൃഷി തോട്ടത്തിനു വൻനാശനഷ്ടങ്ങൾ സംഭവിച്ചു. ഫാമിന്റെ വാളകം മുതൽ തലപ്പാടി വരെ 5 കിലോമീറ്ററിനുള്ളിൽപ്പെട്ട തെങ്ങിൻതോട്ടങ്ങൾ, കമുകിൻതോട്ടങ്ങൾ, കുരുമുളക് കശുമാവ് നഴ്സറികൾ, പൊളിഹൗസുകൾ, കോർട്ടേഴ്സുകൾ, റോഡുകൾ, വളംഡിപ്പോകൾ, ഗോഡൗണിൽ സ്റ്റോക് ചെയ്ത കാർഷിക ഉൽപ്പന്നങ്ങൾ, ഫാമിലെ വൈദ്യുത സംവിധാനങ്ങൾ എല്ലാം മലവെള്ളപാച്ചിലിൽ നാമാവശേഷമായി. നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്കുകൾ ഇതുവരെയും ലഭിച്ചിട്ടില്ല.
കൈപ്പിനി, കൈപ്പിനികടവ്, പൂക്കോട്ടുമണ്ണ, കുന്നത്ത്പൊട്ടി, പച്ചകുത്ത്, മുണ്ടപ്പടം, അമ്പലപ്പൊയിൽ എന്നിവിടങ്ങളിൽ ഇരുനൂറ്റമ്പതോളം വീടുകൾ വെള്ളത്തിലായി. ഹെക്ടർ കണക്കിന് കൃഷിനാശമുണ്ടായി. ഇരുട്ടുകുത്തി മുതൽ തലപ്പാടി വരെയുള്ള മൂന്നുകിലോ മീറ്റർ റോഡ് ഒലിച്ചു പോയി. തമ്പുരാട്ടികല്ല് മുതൽ പൊത്തുകൽ പൊട്ടി വരെ മുന്നൂറിലധികം വീടുകൾ ഭാഗികമായി തകർന്നു. എടക്കര, പോത്തുകൽ, ചുങ്കത്തറ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി വൻകൃഷിനാശം സംഭവിച്ചു. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ നേന്ത്രവാഴതോട്ടങ്ങളും പച്ചക്കറിതോട്ടങ്ങളും മലവെള്ളം തുടച്ചെടുത്തുകളഞ്ഞു.
2010 ൽ പണി പൂർത്തിയാക്കിയ ചുങ്കത്തറ കൈപ്പിനി പാലവും കവളപാറയിൽ നിന്ന് മൂന്നുകിലോമീറ്റർ മാത്രം ദൂരമുള്ള ശാന്തിഗ്രാമം പാലവും ഒലിച്ചുപോയി. മലയോര മേഖല തീർത്തും ഒറ്റപ്പെട്ടു. കുത്തിയൊലിച്ചു വന്ന മരങ്ങളും മുളംകാടുകളും വന്നടിഞ് പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജിന് നാശനഷ്ടങ്ങൾ സംഭവിച്ചു. അപ്രോച്ചു റോഡുകൾ തകർന്നു. യുദ്ധകാലടിസ്ഥാനത്തിൽ സൈന്യം ഈ പാലത്തിലെ തടസ്സങ്ങൾ നീക്കികൊണ്ടിരിക്കുകയാണ് ഇപ്പോഴും. എടക്കര അങ്ങാടി മുതൽ പാലം വരെയുള്ള ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറിലക്ഷങ്ങൾ നഷ്ടമുണ്ടായി. പോത്തുകൽ പാതാർ എന്ന കുടിയേറ്റ ഗ്രാമം തന്നെ മലവെള്ളപാച്ചിലിൽ ഒലിച്ചു പോയി.
വ്യാപാര നഷ്ടം അതിഭീമം
നിലമ്പൂർ മേഖലയിലെ കച്ചവടക്കാർക്ക് പ്രളയം നൽകിയത് കണ്ണീർ കടലാണ്. കീർത്തിപ്പടി മുതൽ താഴെ ചന്തക്കുന്നു വരെ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ജ്യോതിപ്പടിയിലും ബസ്റ്റാന്റിലും ടൗണിലുമൊക്കെ ഉരുൾവെള്ളം ഇരച്ചെത്തി. 200 വ്യാപാരസ്ഥാപനങ്ങൾ പൂർണ്ണമായി നശിച്ചു.
80 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തിൽ മാത്രം കണക്കാക്കുന്നത്. നിലമ്പുർ താലൂക്കിൽ 56 വീടുകൾ പൂർണ്ണമായും 49 വീടുകൾ ഭാഗികമായും തകർന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലമ്പുർ ബ്ലോക്കിൽ മാത്രം 11,00 ഹെക്ടർ കൃഷി നശിക്കുകയും 15 കോടി രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തിട്ടുണ്ട്. ക്ഷീരമേഖലയിലും കനത്ത ആഘാതമാണ് പ്രളയം സൃഷ്ടിച്ചത്. മുതീരി, മുപ്പിനി, നിലമ്പുർ, ചളിക്കപൊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ക്ഷീരസംഘങ്ങളിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ കാലിതീറ്റയും മറ്റും നശിച്ചു. നിലമ്പൂരിൽ 10 ബാങ്കുകളിൽ വെള്ളം കയറി എ.ടി.എമ്മുകൾ തകരാറിലായി. വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും ഇപ്പോഴും പ്രവർത്തനസജ്ജമായിട്ടില്ല. പെരുന്നാൾ ഓണ വിപണി മുന്നിൽ കണ്ട് കോടിക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങളാണ് കച്ചവടക്കാർ ബാങ്ക്ലോൺ എടുത്തും കടം വാങ്ങിയും സ്റ്റോക്ക് ചെയ്തിരുന്നത്. ആഗസ്റ്റ് 8ന് ആർത്തുലെച്ചെത്തിയ മഴവെള്ളം അവരിൽ മിക്കവരുടെയും സമ്പാദ്യവും സ്വപ്നങ്ങളും ഒഴുക്കികളഞ്ഞു.