മലപ്പുറം: പ്രളയം താണ്ഡവമാടിയ ദിവസങ്ങളിൽ ജില്ലയിൽ ലഭിച്ചത് അഞ്ചിരട്ടി മഴ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഇക്കാലയളവിൽ 594. 3 മില്ലീമീറ്റർ മഴ ലഭിച്ചു. 99.1 മില്ലീമീറ്റർ മഴ മാത്രം പ്രതീക്ഷിച്ച സ്ഥാനത്താണിത്. ആഗസ്റ്റ് ഏഴ് മുതൽ 14 വരെയുള്ള ദിവസങ്ങളിലാണ് കനത്ത മഴയുണ്ടായത്. ഉരുൾപൊട്ടൽ ദുരന്തങ്ങളും പുഴകളും ജലസ്രോതസുകളും വ്യാപകമായി കര കവിഞ്ഞൊഴുകിയതും വീടുകൾ ഒന്നടങ്കം വെള്ളത്തിനടിയിലായതും ഇക്കാലയളവിലാണ്. മഴ കൂടുതൽ ലഭിച്ചതും നാശം വിതച്ചതും നിലമ്പൂർ മേഖലയിലും. കഴിഞ്ഞ പ്രളയകാലത്തേക്കാൾ കൂടുതൽ മഴ ഇത്തവണ മലയോര മേഖലകളിൽ ഉണ്ടായതായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

പ്രളയത്തിലേക്ക് നയിച്ച കനത്ത മഴ ജില്ലയിലെ മൺസൂൺ കുറവിനെ മറികടക്കുകയും ഏഴ് ശതമാനത്തിന്റെ വർദ്ധനവ് സൃഷ്ടിക്കുകയും ചെയ്തു. ജൂൺ മുതൽ ആഗസ്റ്റ് 14 വരെ 1699.7 മില്ലീ മീറ്റർ‌ മഴ ലഭിച്ചു. ഇക്കാലയളവിൽ 1592.8 മില്ലീമീറ്റർ മഴയാണ് പ്രവചിച്ചിരുന്നത്.

ആഗസ്റ്റ് വരെ മൺസൂണിൽ 33 ശതമാനത്തിന്റെ കുറവായിരുന്നു കാലാവസ്ഥ നിരീക്ഷണ ‌കേന്ദ്രം രേഖപ്പെടുത്തിയത്. ജൂലൈയുടെ തുടക്കത്തിൽ 44 ശതമാനം ആയിരുന്നെങ്കിൽ തൊട്ടുപിന്നാലെ എത്തിയ റെഡ്,​ യെല്ലോ അലേർട്ടുകളോടെ മഴക്കുറവ് 27 ശതമാനത്തിലെത്തി. ജൂലൈ അവസാനവാരം മഴക്കുറവ് പരിഹരിക്കപ്പെടുമെന്നായിരുന്നു വിലയിരുത്തിയതെങ്കിലും മഴ നന്നേ കുറഞ്ഞു. ഇതെല്ലാം മറികടക്കുംവിധമായിരുന്നു ആഗസ്റ്റിലെ കനത്ത മഴ. തുടർച്ചയായ ദിവസങ്ങളിൽ റെഡ് അലേർട്ടുണ്ടായി. മണിക്കൂറുകൾ നീണ്ട മഴയിൽ നാടും നഗരവും ഒന്നടങ്കം ദുരിതക്കയത്തിലായി. കവളപ്പാറയിൽ മലയിടിഞ്ഞ് നാൽപ്പതിലേറെ ജീവനുകൾ പൊലിഞ്ഞു. ഇപ്പോഴും ഏതാനും ജീവനുകൾ മണ്ണിനടിയിലാണ്.

സംസ്ഥാനത്ത് ആലപ്പുഴ,​ ഇടുക്കി,​ കൊല്ലം,​ പത്തനംതിട്ട,​ തൃശൂർ,​ വയനാട് ജില്ലകളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 24 ശതമാനം അധിക മഴയുമായി പാലക്കാട് ജില്ലയാണ് ഇക്കാര്യത്തിൽ സംസ്ഥാനത്ത് മുന്നിൽ. 21ഓടെ ബംഗാൾ ഉൾക്കടലിൽ ആന്ധ്രയുടെയും ഒഡിഷയുടെയും ഭാഗത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ കാണുന്നുണ്ട്. ഇന്ന് സാധാരണ മഴയും നാളെ യെല്ലോ അലേർട്ടും ജില്ലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.