എടക്കര: ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ചൊവ്വാഴ്ച നടന്ന തെരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇനി 11പേരെ കണ്ടെത്താനുണ്ട്. കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായി 13 ദിവസം പിന്നിടുമ്പോഴും തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കവളപ്പാറ കോളനിയിലെ ഉടുക്ക്പാലൻ , ഗോപാലന്റെ മകൻ അനീഷ് എന്നിവരെയാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.
മുഴുവൻ പേരേയും കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്നാണ് ഔദ്യോഗിക വിശദീകരണം. ആഗസ്റ്റ് എട്ടിന് രാത്രി ഏഴരയോടെയാണ് പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറയിൽ ഉരുൾപൊട്ടൽ സംഭവിച്ചത് . 59 പേരെയാണ് ഉരുൾപൊട്ടലിൽ കാണാതായത്.സൈനികരും പൊലീസും അഗ്നിശമന സേനയും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇതുവരെയായി 48 മൃതദേഹങ്ങൾ കണ്ടെത്തിയത്.