muhammed-nijas

വണ്ടൂർ: പത്രവിതരണത്തിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടു വർഷത്തിലധികമായി ചികിത്സയിലായിരുന്ന പതിനെട്ടുകാരൻ മരിച്ചു. തിരുവാലി തായൻകോട് ചെട്ടിയൻതൊടിക അബ്ദുൽനാസറിന്റെ മകൻ മുഹമ്മദ് നിജാസ് (18) ആണ് മരിച്ചത്. 2017 ജൂൺ 16 നായിരുന്നു സംഭവം. കാപ്പിലിൽ പുലർച്ചെ പത്രവിതരണത്തിനായി സൈക്കിളിൽ പോകുന്നതിനിടെ എതിരെവന്ന കാർ നിജാസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. എന്നാൽ വർഷം രണ്ടു കഴിഞ്ഞിട്ടും നിജാസിന് പൂർവ്വസ്ഥിതിയിലെത്താൻ കഴിഞ്ഞില്ല. ഓർമ്മ നഷ്ടപ്പെട്ട് ചലനമില്ലാതെ കിടക്കുകയായിരുന്നു. പിതാവ് അബ്ദുൽനാസർ കൂലിപ്പണിക്കാരനായതിനാൽ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഇതിനിടയിലാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചത്. ഉമ്മ: റംലത്ത്. സഹോദരങ്ങൾ: ജസ്ന, സജ്ന. കബറടക്കം ഇന്ന് രാവിലെ 9 ന് എറിയാട് ജുമാമസ്ജിദ് കബർസ്ഥാനിൽ.