നിലമ്പൂർ: സുഹൃത്തിനൊപ്പം യാത്രചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ യുവാവ് കാർ ദേഹത്ത് കയറി മരിച്ചു. കോട്ടയ്ക്കൽ രണ്ടത്താണി തോഴന്നൂർ പാറപ്പുറം മച്ചിഞ്ചേരി മുഹമ്മദ്കുട്ടിയുടെ മകൻ സെയ്താലവിക്കുട്ടി (28) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ നിലമ്പൂർ മുതീരി വളവിലാണ് അപകടം. സുഹൃത്താണ് ബുള്ളറ്റ് ഓടിച്ചിരുന്നത്. കരുളായിയിലേക്ക് പോകുന്നതിനിടെ വളവിലെത്തിയപ്പോൾ ബ്രേക്കിട്ടതിനെ തുടർന്ന് ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സെയ്താലിക്കുട്ടിയുടെ ദേഹത്തുകൂടെ പിറകിലുണ്ടായിരുന്ന കാർ കയറിയിറങ്ങി. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 15നാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. മാതാവ്: ഫാത്തിമ. ഭാര്യ: ജെസി. സഹോദരങ്ങൾ: സുൽഫിക്കർ, റസീന, സാജിദ, സുഹറാബി. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.