കെ .വി . നദീർ
പൊന്നാനി: ഭാരതപ്പുഴയുടെ സംഭരണശേഷി കൂട്ടിയില്ലെങ്കിൽ തീരത്ത് പ്രളയഭീഷണി ഒഴിയില്ല. പുഴയിൽ രൂപപ്പെട്ട എക്കൽ മണ്ണുകളുടെ വൻശേഖരവും ചെങ്ങണം പുൽക്കാടുകളും പുഴയുടെ സംഭരണശേഷിയെ കുത്തനെ കുറച്ചെന്നാണ് കണ്ടെത്തൽ. പുഴയുടെ ആഴവും വ്യാപ്തിയും കഴിഞ്ഞ 20 വർഷത്തിനിടെ പകുതിയായി കുറഞ്ഞു. കാലവർഷത്തിലുള്ള മലവെള്ളപ്പാച്ചിലിൽ ഉണ്ടാകുന്ന ജലനിരപ്പ് ഉൾക്കൊള്ളാൻ പുഴയുടെ നിലവിലെ ഘടനയ്ക്കാകുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ഒറ്റപ്പാലം മുതൽ പൊന്നാനി വരെയുള്ള ഭാരതപ്പുഴയുടെ ഭാഗത്ത് ഡസൻ കണക്കിന് പൊന്തക്കാടുകളാണ് ഉയർന്നിരിക്കുന്നത്. തിരുനാവായ മുതൽ പൊന്നാനി വരെയുള്ള ഭാഗത്ത് പുഴയെ അരുവിയായി മാറ്റുന്ന തരത്തിലാണ് പൊന്തക്കാടുകളുടെ വികാസം. കുറ്റിപ്പുറം ചെമ്പിക്കൽ, ചമ്രവട്ടം, പൊന്നാനി കുറ്റിക്കാട് മേഖലകളിൽ പുഴയ്ക്ക് പരന്നൊഴുകാനാകാത്ത വിധം ചെങ്ങണം പുൽക്കാടുകൾ ഉയർന്നിട്ടുണ്ട്. പുഴയൊഴുക്കിലെ വിസ്താരം കുറഞ്ഞതോടെ സാധാരണ മഴയിലെ നീരൊഴുക്ക് പോലും ഉൾക്കൊള്ളാനാവാത്ത നിലയാണ്. കഴിഞ്ഞ പ്രളയത്തിൽ ഒഴുകി വന്ന എക്കൽ മണ്ണും ചെളിയും നിലവിലെ പൊന്തക്കാടുകളിൽ അടിഞ്ഞതോടെ പുഴയുടെ വിസ്താരം വീണ്ടും കുറഞ്ഞു.
കഴിഞ്ഞ പ്രളയത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നതോടെയാണ് ഭാരതപ്പുഴ കരകവിഞ്ഞതെങ്കിൽ ഇത്തവണ സാധാരണ മഴവെള്ള പ്രവാഹത്തിൽ തന്നെ കരകവിഞ്ഞ് പ്രളയ സമാനമാകുന്ന സ്ഥിതിയുണ്ടായി. പുഴയുടെ അടിത്തട്ടിലെ മണൽവിതാനം കഴിഞ്ഞ 30 വർഷത്തിനിടെ മൂന്ന് മീറ്റർ വരെ താഴ്ന്നിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. മണൽക്കാടുകൾ നിറയാത്ത പുഴയുടെ ഭാഗത്തെ അവസ്ഥയാണിത്. എന്നാൽ ചെളിയും മണലും കുമിഞ്ഞ് കൂടി കിടക്കുന്ന മാടുകളുടെ വ്യാപ്തിയും ഉയരവും ഓരോ കാലവർഷത്തിനു ശേഷവും വികസിക്കുന്നതായാണ് പരിസ്ഥിതി പ്രവർത്തകരുടെ കണ്ടെത്തൽ.
പുഴയുടെ അടിത്തട്ടിലെ മണൽപ്രതലത്തിന്റെ ഏറ്റക്കുറച്ചിൽ പുഴയൊഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് നിരീക്ഷണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ചെളിയോട് പുതഞ്ഞ് രൂപപ്പെട്ട പൊന്തക്കാടുകൾ ഒഴുക്കിന്റെ ഗതിയെ കാര്യമായി മാറ്റി. അനധികൃത മണൽ കടത്തു മൂലം രൂപപ്പെട്ട വൻഗർത്തങ്ങൾ ഒഴുക്കിന്റെ വേഗതയെ ബാധിച്ചു. കഴിഞ്ഞ പ്രളയത്തിൽ മണലെടുത്ത് രൂപപ്പെട്ട കുഴികൾ തൂർത്തെങ്കിലും ഒഴുക്കിന്റെ ഗതിയെ ബാധിച്ച പൊന്തക്കാടുകൾ കൂടുതൽ പ്രതികൂലാവസ്ഥയുണ്ടാക്കി.