മലപ്പുറം: നാടുകാണി ചുരം റോഡ് ഇടിഞ്ഞതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി റദ്ദാക്കിയ അന്തർസംസ്ഥാന സർവീസുകൾ ഉടൻ പുനരാരംഭിക്കും. വയനാട്ടിലെ താമരശ്ശേരി, ബത്തേരി റൂട്ടുകളിലൂടെയാവും സർവീസ് നടത്തുക. കോട്ടയം- ബംഗളൂരു, പാല - ബംഗളൂരു, ഗുരുവായൂർ - ബംഗളൂരു, തൃശൂർ - ബംഗളൂരു, രണ്ട് തൃശൂർ - മൈസൂർ സർവീസുകളാണ് പുനരാരംഭിക്കുന്നത്. അന്തർസംസ്ഥാന സർവീസുകൾ ഒന്നിച്ച് റദ്ദാക്കിയതോടെ യാത്രക്കാർ നേരിടുന്ന ദുരിതം സംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്നാണ് കെ.എസ്.ആർ.ടി.സി നടപടി വേഗത്തിലാക്കിയത്. ജില്ലയിൽ നിലമ്പൂർ, മഞ്ചേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. രാത്രിയാത്ര നിരോധനമില്ലെന്നതിനാൽ കൂടുതൽ സർവീസുകൾ മാനന്തവാടി- കുട്ട വഴിയാക്കാനാണ് തീരുമാനം. പാല - ബംഗളൂരു ബസിന് മാത്രമാണ് രാത്രി ഒമ്പതിന് ശേഷം ബന്ദിപ്പൂർ വനം കടക്കാനുള്ള അനുമതിയുള്ളത്. സർവീസുകൾ വയനാട്ടിലൂടെ ആക്കുന്നതിലൂടെ നൂറ് കിലോമീറ്ററിലധികം ദൂരം അധികം സഞ്ചരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ സർവീസുകളുടെ സമയക്രമവും പുനഃക്രമീകരിക്കും. തിരുവന്തപുരത്ത് നിന്ന് ഇതുസംബന്ധിച്ച നിർദ്ദേശം ലഭിക്കുന്നതോടെ സോണൽ ഓഫീസുകൾ മുഖേന അതത് ഡിപ്പോകൾക്ക് തീരുമാനം കൈമാറും. നിലവിൽ മൈസൂർ, ബംഗളൂരു റൂട്ടുകളിൽ മുൻകൂർ ബുക്കിംഗ് നിറുത്തിവച്ചിരിക്കുകയാണ്. ടൈം ചാർട്ട് തയ്യാറാക്കുന്നതോടെ വൈകാതെ ബുക്കിംഗിന് സാധിക്കും.
അന്തർസംസ്ഥാന കരാർ പ്രകാരം നാടുകാണി വഴിയുള്ള സർവീസുകളിൽ ഗൂഡല്ലൂരാണ് എൻട്രി പോയിന്റ്. ഇനി കുട്ട വഴിയാണ് സർവീസ് എന്നതിനാൽ താത്ക്കാലികമായി എൻട്രി പോയിന്റ് മാറ്റിക്കിട്ടേണ്ടതുണ്ട്. ഇതിന് നടപടിക്രമങ്ങൾക്ക് സമയമെടുക്കും.
പ്രളയ സാഹചര്യം കണക്കെടുത്ത് ഇതിന് കാത്തുനിൽക്കാതെ സർവീസുകൾ വേഗത്തിൽ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.