എടക്കര: പുഴകടക്കാൻ ആശ്രയിച്ചിരുന്ന പാലങ്ങൾ പ്രളയത്തിൽ തകർന്നതോടെദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തിരികെ ഊരിലെത്താൻ മുളംചങ്ങാടങ്ങൾ തന്നെ ശരണം .
മുണ്ടേരി ഗവ. ഹൈസ്കൂളിലെ ക്യാമ്പിലുണ്ടായിരുന്ന, വാണിയംപുഴ ആദിവാസി കോളനിയിലെ സുനിലും സുരേഷും ബാബുവും ഇന്നലെ യാത്രയായത് ഇങ്ങനെയാണ്.
പ്രളയത്തിൽ ഗതിമുട്ടി കാടിറങ്ങുമ്പോൾ ചാലിയാർ പുഴയിൽ കോൺക്രീറ്റ് നടപ്പാലവും വാണിയംപുഴയ്ക്ക് കുറുകെ കമ്പിപ്പാലവും ഉണ്ടായിരുന്നു. ഉരുൾപൊട്ടലിൽ ഇവ തകർന്നതിനാൽ ജനമൈത്രി എക്സൈസ് സംഘത്തിന്റെ സഹായത്തോടെയാണ് മുളംചങ്ങാടം നിർമ്മിച്ചത്.
വയനാട് അതിർത്തി പങ്കിടുന്ന തരിപ്പൊട്ടി, ഇരുട്ടുകുത്തി, കമ്പളപ്പാറ, തണ്ടംകൊല്ലി ആദിവാസി കോളനികളിൽ 118 കുടുംബങ്ങളിലായി 468 ആളുകളുണ്ട്. മഹാപ്രളയത്തിൽ പുറത്തെത്താൻ കഴിയാതെ ഇവരിൽ ഭൂരിഭാഗം പേരും കാട്ടിൽ കുടുങ്ങിയിരുന്നു. ഫയർഫോഴ്സും നേവിയും ഒത്തൊരുമിച്ച് ഹെലികോപ്റ്റർ വഴിയാണ് അന്ന് കാട്ടിൽ ഭക്ഷണവും വെള്ളവും എത്തിച്ചത്.
പുഴയിൽ ജലവിതാനം കുറഞ്ഞപ്പോൾ താത്കാലിക റോപ്വെ നിർമ്മിച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. വാണിയംപുഴക്കും ചാലിയാർ പുഴയ്ക്കും കുറുകെ ഒരു പാലം ഇവർക്ക് ഏറെ അനിവാര്യമായിരിക്കുകയാണ്.