നിലമ്പൂർ: പ്രളയാനന്തരം നിലമ്പൂർ നഗരസഭ പരിധിയിൽ പുറന്തള്ളിയ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പാലക്കാട് ഐ.ആർ.ടി.സിയുടെ സാങ്കേതിക സഹകരണത്തോടെ, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങളാണ് നിലമ്പൂർ ബൈപ്പാസ് റോഡിൽ വച്ച് സംസ്കരിക്കുന്നത്. കരുളായിയിലെ ഹരിതകേരളം ക്ലീൻ കരുളായി ടീമിന്റെ സഹകരണത്തോടെ മാലിന്യം വേർതിരിക്കുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. പേപ്പർ വേസ്റ്റുകൾ, ടാർവീപ്പകൾ എന്നിവയുപയോഗിച്ച് പുക കുറച്ച് കത്തിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇതിനായി നഗരസഭയുടെ നേതൃത്വത്തിൽ വീപ്പകൾ സ്ഥലത്തെത്തിച്ചു. കഠിന അജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ അതിതാപന ചൂളയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഈ സംവിധാനം പരീക്ഷിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനുമായി സഹകരിച്ച്, മാലിന്യം വേർതിരിക്കുന്നതിൽ പരിചയസമ്പന്നരായ പ്രത്യേക ടീമിനെ എത്തിക്കാനും നഗരസഭ സെക്രട്ടറി എം.എ ആകാശിന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി.