എടക്കര: അന്തർസംസ്ഥാന പാതയായ നാടുകാണി ചുരം അടച്ചതോടെ പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും വില കൂടും. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കു വാഹനങ്ങൾ താമരശ്ശേരി ചുരത്തിലൂടെയാണ് ജില്ലയിലെത്തുന്നത്. ഇതിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാൻ മൂന്നുമാസം പിടിക്കുമെന്നി രിക്കെ ഓണക്കാലത്തും വില കൂടാനാണിട.
റോഡ് അടച്ചിടുന്നത് മലയോര മേഖലയേയും വലിയ നഷ്ടത്തിലാക്കും. ഗൂഡല്ലൂർ മലയാളികൾക്ക് എടക്കര, വഴിക്കടവ്, നിലമ്പൂർ ഭാഗത്തേക്ക് വരണമെങ്കിൽ ഇനി താമരശ്ശേരി ചുരമേയുള്ളൂ ശരണം.
ഈ മാസം ഇരുപതിനാണ് നാടുകാണി ചുരത്തിൽ ജാറത്തിനു സമീപം റോഡിൽ വിള്ളൽ കണ്ടത്. ഒരു മീറ്ററോളം താഴ്ചയിൽ റോഡ് കുറുകെ പിളർന്നിട്ടുണ്ട്. വഴിക്കടവ് ആനമറി മുതൽ സംസ്ഥാന അതിർത്തി വരെ 36 സ്ഥലങ്ങളിൽ ആഗസ്റ്റ് 7, 8 തീയതികളിലായി മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടിരുന്നു. തേൻപാറയ്ക്കു സമീപം കൂറ്റൻ പാറ റോഡിലേക്കു വീണ് കുഴി രൂപപ്പെട്ടിരുന്നു. ഇവിടെ ഗതാഗത യോഗ്യമാക്കണമെങ്കിൽ പാലം നിർമ്മിക്കേണ്ടി വരുമെന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം. ഇതിനിടെയാണ് ജാറത്തിനടുത്തും റോഡ് നെടുകെ പിളർന്നത്. പൂർവസ്ഥിതിയിലാക്കണമെങ്കിൽ കുറഞ്ഞത് മൂന്നുമാസമെങ്കിലുമെടുക്കുമെന്നാണ് അറിയുന്നത്. നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണവും ഇതോടെ നിറുത്തിവച്ചു.
ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് റദ്ദാക്കിയതോടെ ജില്ലയിൽ നിന്നും മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും വ്യാപാരാവശ്യങ്ങൾക്കു പോകുന്ന കച്ചവടക്കാരും വെട്ടിലായി.
എടക്കരയിൽ നിന്ന് നാടുകാണിയിലെത്താൻ 25 കിലോമീറ്റർ യാത്രചെയ്താൽ മതി. എന്നാൽ ഇപ്പോഴത് വയനാട് ചുരം വഴി 150 കിലോമീറ്ററിലധികം വരും. മൈസൂർ, ഊട്ടി, ബംഗളൂരു എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഇതേറെ വലയ്ക്കും.
വഴിക്കടവിലെ ഹോട്ടലുകൾ, സ്റ്റേഷനറികൾ, കൂൾബാറുകൾ തുടങ്ങിയവയും നാടുകാണി ചുരം അടച്ചതോടെ പ്രതിസന്ധിയിലായി. ചരക്കുവാഹനങ്ങളും ബസ് യാത്രക്കാരും ഇല്ലാതായതോടെ ഇവരുടെ കച്ചവടം നാലിലൊന്നായി കുറഞ്ഞു. തൊഴിലാളികളുടെ കൂലിയും വാടകയും ഒപ്പിക്കാൻ ഇവരിൽ പലരും പാടുപെടുകയാണ്.
നീലഗിരി ജില്ലയിലെ ഗുഡല്ലൂർ, നാടുകാണി, ദേവാല, താഴെ നാടുകാണി ഭാഗങ്ങളിൽ നിരവധി മലയാളികളാണുള്ളത്. ബസിലും മറ്റുമായി കേരളത്തിലെ ബന്ധുഗൃഹങ്ങളിൽ എത്തിയിരുന്ന ഇവരുടെ യാത്രകളും തടസപ്പെട്ടിരിക്കുകയാണ്.