എടക്കര: മുത്തപ്പൻകുന്ന് മൂന്നായി പൊട്ടിയടർന്നെത്തിയ മണ്ണും ചെളിയും നിറഞ്ഞ കവളപ്പാറദുരന്ത ഭൂമിയിലെ തിരച്ചിൽ പതിനേഴാം ദിവസം പിന്നിടുമ്പോഴും ശേഷിച്ച മൃദേഹങ്ങൾ കണ്ടെത്താനാവാതെ രക്ഷാസംഘങ്ങൾ. മണ്ണിനടിയിൽ പൂണ്ട 59 പേരിൽ 11 പേരെ ഇനിയും കണ്ടെടുക്കാനുണ്ട്. 41 വീടുകളായിരുന്നു കവളപ്പാറ ഉരുൾ പൊട്ടലിൽ മണ്ണിനടിയിൽ അമർന്നുപോയത്. 48 മൃതശരീരങ്ങൾ ഇതുവരെ വീണ്ടെടുക്കാനായി.ദുരന്തനിവാരണ സേനയും അഗ്നിരക്ഷാ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഇടയ്ക്കിടെ പെയ്യുന്നമഴയും പ്രതികൂല കാലാവസ്ഥയും തെരച്ചിൽ ദുഷ്ക്കരമാക്കുന്നു.
ദുരന്ത ഭൂമിയിലെ തൊണ്ണൂറ് ശതമാനം മണ്ണും ഹിറ്റാച്ചി ഉപയോഗിച്ച് ഉഴുതുമറി ച്ചിട്ടുണ്ട്. മണ്ണിന്റെ ഘടനയിൽ വന്ന മാറ്റം ഉറവ പൊടിയാനും വെള്ളക്കെട്ടുകൾ രൂപം കൊള്ളാനും കാരണമായി.ശവശരീരങ്ങൾ അഴുകി കുഴമണ്ണിൽ ചേർന്നിരിക്കാം എന്നതും തെരച്ചിൽ സങ്കീർണ്ണമാക്കുന്നു. തുടർച്ചയായി അഞ്ചാം ദിവസവും മൃതശരീരങ്ങളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മരിച്ചവരുടെ ബന്ധുക്കളും രക്ഷാപ്രവർത്തകരും ആശങ്കയിലാണ്. ഇതിനിടയിൽ ഇന്നലെ നേരത്തെ ഉരുൾപൊട്ടിയഭാഗത്തിന് അടുത്തായി വീണ്ടും മണ്ണിടിഞ്ഞതിനെ തുടർന്ന് വൈകിട്ട് മൂന്നോടെ തിരച്ചിൽ അവസാനിപ്പിച്ചു.. മണ്ണിനടിയിൽ പെട്ടവർക്കായുള്ള തെരച്ചിൽ മരിച്ചവരുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്ര ദിവസം വരെയും തുടരും എന്നാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനടന്ന പ്രളയ പുനരധിവാസവും മഴക്കെടുതികളും സംബന്ധിച്ച ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിൽ മന്ത്രി കെ ടി ജലീൽ പറഞ്ഞത്.