പെരിന്തൽമണ്ണ: മണ്ണാർമലയിൽ ഉരുൾപൊട്ടലുകളുണ്ടായ നിർദ്ദിഷ്ട ക്വാറി ഏരിയായ പുളക്കൽ കുണ്ട് , ചുടലക്കുണ്ട്, ഉദിരം ചോല, പുതുപറമ്പ് കോളനി, കിഴക്കേമുക്ക് എന്നിവിടങ്ങൾ പാരിസ്ഥിതി ദുർബല പ്രദേശങ്ങളാണെന്ന് വിദഗ്ദസംഘം. തുടർച്ചയായ ഉരുൾപൊട്ടലിന് ശേഷം ഇന്നലെയാണ് ജിയോളജി, സോയിൽ വിദഗ്ധർ മണ്ണാർമലയിലെ വിവിധ പ്രദേശങ്ങൾ പരിശോധിച്ചത്. നിർദ്ദിഷ്ട ക്വാറി പ്രദേശത്തിനുള്ളിൽ തന്നെ ഉരുൾപൊട്ടലുണ്ടായ ഭാഗവും ഡീ മാർക്കേഷൻ കാലുകൾ കടപുഴകിയതും നാട്ടുകാർ സംഘത്തിന് കാണിച്ച് കൊടുത്തു. കൃഷി നാശവും വീടുകളിലെ മറ്റു നാശനഷ്ടങ്ങളും സംഘം വിലയിരുത്തി. മുമ്പ് അനധികൃത ക്വാറികൾ പ്രവർത്തിച്ചതിനടുത്താണ് മണ്ണാർമലയിൽ ഉരുൾപൊട്ടലുകളുണ്ടായത്. ആറ് തവണ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ഇനിയും ക്വാറി ക്രഷർ പ്രവർത്തിച്ചാലുള്ള ആശങ്ക നാട്ടുകാർ സംഘത്തെ ധരിപ്പിച്ചു.മണ്ണാർമല പൗരസമിതി പ്രവർത്തകരും സംഘത്തെ അനുഗമിച്ചു. സീനിയർ ജിയോളജി വിദഗ്ധൻ അബ്ദുൽ ഹക്കീം, സോയിൽ കൺവേഷൻ ഓഫീസർ സാദിഖ് അലി, വില്ലേജ് അസ്സിസ്റ്റന്റ് സജി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.