മലപ്പുറം: ഉരുൾപൊട്ടലിൽ ആഢ്യൻപാറ ജലവൈദ്യുത പദ്ധതി ഡാമിൽ വൻതോതിൽ കല്ലും മണ്ണും വന്നടിഞ്ഞതോടെ രണ്ടാഴ്ച്ച പിന്നിട്ടിട്ടും ഉത്പാദനം നടത്താനാവാതെ കെ.എസ്.ഇ.ബി. ഇതോടെ ഏകദേശം 70 ലക്ഷം രൂപയുടെ ഉത്പാദന നഷ്ടമാണുണ്ടായത്. കഴിഞ്ഞ എട്ടിനുണ്ടായ കനത്ത മഴയിലും തുടർന്ന് കാഞ്ഞിരപ്പുഴയുടെ മുകൾഭാഗത്തുണ്ടായ ഉരുൾപൊട്ടലിലുമാണ് തടയണയിൽ മണ്ണും പാറയും വന്നടിഞ്ഞത്. ഇതോടെ വെള്ളം സംഭരിക്കാനാവാത്ത സ്ഥിതിയാണ്. മതിൽമൂലയിൽ 33 കെ.വി ലൈൻ പൊട്ടിവീണതിനാൽ പവർഹൗസിൽ നിന്നുള്ള വൈദ്യുതി നിലമ്പൂരിൽ എത്തിക്കാനുമാവില്ല. ഇവ പരിഹരിച്ച ശേഷമേ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാനാവൂ.
കഴിഞ്ഞ വർഷവും പ്രളയത്തിൽ പവർഹൗസിലടക്കം വെള്ളംകയറി വലിയ നാശനഷ്ടമുണ്ടായതിനാൽ ഇത്തവണ റെഡ് അലേർട്ട് പ്രഖ്യാപിച്ചയുടൻ ഉത്പാദനം നിറുത്തിവച്ചിരുന്നു. ഡാമിൽ നിന്നും തുരങ്കം വഴി പെൻസ്റ്റോക്കിലേക്ക് വെള്ളം തുറന്നുവിടുന്ന ഭാഗത്ത് ട്രാഷ്റാക്ക് ക്ലീൻ ചെയ്യാൻ ശക്തമായ മലവെള്ളപ്പാച്ചിൽ മൂലം സാധിക്കില്ല. ഇതൊഴിവാക്കാൻ ഇത്തവണ നേരത്തെതന്നെ ഈ ഭാഗം അടച്ചിട്ടതിനാൽ പവർ ഹൗസിനും പെൻസ്റ്റോക്കിനും തകരാർ പറ്റിയിട്ടില്ല.
ജൂലൈയിൽ 24ന് പരമാവധി ശേഷിയിലധികം വൈദ്യുതി ഉത്പാദിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നു. 84,080 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതിലൂടെ 4.2 ലക്ഷം രൂപയായിരുന്നു വരുമാനം. മൂന്ന് ജനറേറ്ററുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ സാധിച്ചതോടെയാണ് പരമാവധി ശേഷിയിലും വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാൻ സാധിച്ചത്. ഈ സാമ്പത്തിക വർഷം ആഗസ്റ്റ് അഞ്ച് വരെ 2.4 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനായി. 1.20 കോടിയുടെ മൂല്യമുണ്ടിതിന്. മൺസൂണിൽ മുൻവർഷങ്ങളേക്കാൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. ഇതിനിടെയാണ് ശക്തമായ മഴയെ തുടർന്ന് ഉത്പാദനം തന്നെ നിറുത്തിവയ്ക്കേണ്ടി വന്നത്.