വളാഞ്ചേരി: എടയൂർ പഞ്ചായത്തിലെ സി.കെ പാറ ശാന്തിനഗറിലുള്ള നെയ്തലപ്പുറത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ക്ഷേത്രത്തിൽ കടന്ന് നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകർത്ത് വിസർജ്യ വസ്തുക്കൾ പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് സംഭവം. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുവാനുള്ള ആസൂത്രിതമായ ശ്രമമാണിതെന്ന് ട്രസ്റ്റിയും കമ്മിറ്റി ഭാരവാഹികളും പറഞ്ഞു.
പുരാതനമായി തകർന്ന് കിടന്നിരുന്നതും തൊഴുവാനൂർ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്നതുമായ ഈ ക്ഷേത്രം 45 വർഷം മുൻപാണ് നാട്ടുകാരുടെ ശ്രമഫലമായി പുനരുദ്ധരിച്ച് പൂജാകർമ്മങ്ങൾ തുടങ്ങിയത്. തികച്ചും സമാധാന അന്തരീക്ഷത്തിൽ ജീവിക്കുന്ന ഈ പ്രദേശത്ത് ക്ഷേത്രം തകർത്ത് ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ട്രസ്റ്റി ബോർഡും കമ്മിറ്റിയും നാട്ടുകാരും ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഭക്തജനങ്ങൾ മൗനജാഥ നടത്തി. ക്ഷേത്രത്തിൽ അതിക്രമങ്ങൾ നടത്തിയ സാമൂഹിക വിരുദ്ധരുടെ നടപടി അപലപനീയമാണെന്ന് ക്ഷേത്രം സന്ദർശിച്ച പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
നാട്ടിലെ സൗഹൃദാന്തരീക്ഷം തകർത്ത് പരസ്പര സ്പർദ്ധയുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്തിയവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പോലീസിന് നിർദ്ദേശം നൽകി. സൈദലവി വി.ടി, ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണൻ സി.സി, മണി കല്ലായി, മോഹനൻ പി.പി, കുട്ടൻ നായർ , വേലായുധൻ, പ്രദീപ്, ഗണേഷ്, കുഞ്ഞാലിക്കുട്ടി പി, യൂസഫ് എന്നിവരും കൂടെയുണ്ടായിരുന്നു.