പെരിന്തൽമണ്ണ: കുന്നപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കുന്ന ലഹരി മാഫിയകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ജാഗ്രതാ സമിതിയുമായി നാട്ടുകാർ. സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം സംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്നാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചത്.
കുന്നപ്പള്ളിയിലും പരിസരപ്രദേശമായ കളത്തിനക്കരയിലും വാർത്ത വലിയ ചർച്ചയായിരുന്നു. ഇതേതുടർന്നാണ് കഴിഞ്ഞദിവസം കുന്നപ്പള്ളി കെ.സി.എ.എം ഓഡിറ്റോറിയത്തിൽവച്ച് ജനകീയ കമ്മിറ്റി രൂപീകരിച്ച് ലഹരി മാഫിയക്കെതിരെ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചത്. മുൻസിപ്പൽ കൗൺസിലർ കളത്തിൽ അൻവറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൗൺസിലർ പത്തത്ത് ആരീഫ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ എരവിമംഗലത്തെ കെ.സി ഉണ്ണികൃഷ്ണൻ, ആശാരിക്കരയിലെ സുരേഷ്, ഇരുപത്തിനാലാം വാർഡിലെ നസീറ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ പി.മുഹമ്മദ് മുസ്തഫ (അടിവാരം), റൗഫ് (വായനശാല), യൂസഫ് (വെട്ടിക്കാട്), പ്രതീഷ് (റെയിലിൻകര), ജലീൽ (വളയൻ മൂച്ചി) എന്നിവർ അതത് പ്രദേശങ്ങളെ പ്രതിനിധീകരിച്ചും പി.പി മുഹമ്മദലി, സുരേഷ് കടവത്ത്, യൂസഫ് മാസ്റ്റർ, അയ്യൂബ്, സലാം എന്നിവർ വിവിധ ക്ലബ്ബ് സംഘടനകളെ പ്രതിനിധികരിച്ചും സംസാരിച്ചു. യോഗത്തിൽ നൂറോളം പേർ പങ്കെടുത്തു.
ജാഗ്രതാ സമിതി കൺവീനറായി മുൻസിപ്പൽ കൗൺസിലർ പത്തത്ത് ആരിഫിനേയും, ചെയർമാനായി കൗൺസിലർ കളത്തിൽ അൻവറിനേയും തിരഞ്ഞെടുത്തു. ആദ്യഘട്ടത്തിൽ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് സ്ക്വാഡ് വർക്കുകൾ നടത്താനും ചൂതാട്ടത്തിനും, ലഹരി ഉപയോഗത്തിനുമെതിരെ എക്സൈസ്, പൊലീസ് സേനയുടെ സഹകരണത്തോടെ വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്യുവാനും വിവിധ മേഖലകളിൽ ലഹരി വിമുക്ത സെമിനാറുകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചതായി ജാഗ്രതാ സമിതി ഭാരവാഹികൾ അറിയിച്ചു.