താനൂർ: താനൂരിൽ നിന്ന് ലോകപഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് സഹോദരങ്ങൾ. സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ഗോൾഡ് മെഡലും ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ സഹോദരങ്ങളായ ഫാസിൽ പന്തക്കൽ 105 കാറ്റഗറിയിലും ഫവാസ് 105 പ്ലസ് കാറ്റഗറിയിലുമാണ് സെപ്തംബർ 12 മുതൽ 16 വരെ ചൈനയിൽവച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. ഇവർ നിരവധി തവണ ദേശീയതലത്തിലുപം സംസ്ഥാന തലത്തിലും മെഡലുകൾ വാരികൂട്ടിയിട്ടുണ്ട്. കബഡി മത്സരങ്ങളിലും സംസ്ഥാന തലത്തിൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ടിവർ. ചൈനയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനുള്ള സാമ്പത്തികചിലവ് ഇവർക്ക് മുന്നിൽ ഇപ്പോഴും തടസ്സമായി നിൽക്കുന്നുണ്ട്. സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ. രാജ്യത്തിനായി മെഡൽ നേടാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണിവർ.