എടക്കര: ഇങ്ങനെയൊരു ദുരന്തം ഇനിയുണ്ടാവാതിരിക്കട്ടെ. ഹൃദയം മരവിപ്പിക്കുന്ന പല അപകട രംഗങ്ങളും കണ്ട് സമരസപ്പെട്ടവരാണെങ്കിലും ഇതുപോലൊരവസ്ഥ ആദ്യമാണ്. 19 ദിവസത്തെ തിരച്ചിലിനുശേഷം കവളപ്പാറയിൽ നിന്നും തിരിക്കുന്ന ഓരോ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും പൊലീസുകാരുടെയും ഉള്ളിലെ പ്രാത്ഥനയാണിത്.
ആഗസ്റ്റ് 8 ന് രാത്രിയാണ് കവലളപ്പാറയിൽ ഉരുൾപൊട്ടിയത്. കനത്ത മഴയിൽ ഉഗ്രരൂപം പൂണ്ട മുത്തപ്പൻകുന്ന് പൊട്ടിയിറങ്ങി ഒരുപ്രദേശം ഒന്നാകെ തകർത്തെറിഞ്ഞു. 41 വീടുകളിലായി 59 പേർ മണ്ണിനടിയിലായി. പ്രദേശത്ത് എത്തിപ്പെടാനുള്ള ഗതാഗത തടസ്സങ്ങൾ മൂലം അടുത്ത ദിവസമാണ് സൈന്യവും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ ആരംഭിച്ചത്. 48പേരെ ഇതുവരെ കണ്ടെത്തി. ശേഷിക്കുന്ന 11 പേരിൽ ഒരാളെ പോലും കണ്ടെത്താൻ കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ തെരച്ചിലിൽ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കാണാതായവരുടെ ബന്ധുക്കളുമായി ആലോചിച്ച് തെരച്ചിൽ ഇന്നലത്തോടെ താൽക്കാലികമായി നിർത്താൻ തീരുമാനിച്ചത്. കാണാതായവരെ മരിച്ചതായി കണക്കാക്കി ആശ്രിതർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ പ്രത്യേക ഉത്തരവ് വഴി നൽകാമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർമാലിക് അറിയിച്ചു.
ദുരന്തസ്ഥലത്ത് മരിച്ചവർക്കായി മൗന പ്രാർത്ഥന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചാണ് സേനാങ്ങൾ വിട പറഞ്ഞത്.
ചീഫ് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സിദ്ധകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ, പാലക്കാട് ജില്ലാ ഓഫീസർ അരുൺ ഭാസ്കർ, പത്ത് സ്റ്റേഷൻ ഓഫീസർമാർ ഉൾപ്പെടെ 150 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും, ദുരന്ത നിവാരണസേന ഡെപ്യുട്ടി കമാൻഡന്റ് വിനോജ് ജോസഫിന്റെ കീഴിൽ 57 സേനാംഗങ്ങളും തെരച്ചിലിന്റെ പൂർണ്ണ ചുമതലയുള്ള മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം, പെരിന്തൽമണ്ണ ഡി.വൈ.എസ്.പി കെ.എ സുരേഷ് കുമാർ, എടക്കര സി.ഐ മനോജ്പറയറ്റ ഉൾപ്പെടെ മൂന്നു സി.ഐമാർ നാല് എസ്.ഐമാർ തുടങ്ങി നൂറിലധികം പൊലീസുകാരും തെരച്ചിൽ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും സേനാംഹങ്ങൾ ആശ്വസിപ്പിച്ചു. കഠിനപ്രയത്നം ചെയ്തെങ്കിലും പതിനൊന്ന് സഹോദരങ്ങളെ കണ്ടെത്താൻ കഴിയാത്തതിൽ സങ്കടമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.