പൊന്നാനി: ബിയ്യം കായലിൽ വള്ളംകളി പരിശീലനത്തിന് ആരവമുയർന്നു. തുഴച്ചിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഒട്ടേറെ യുവാക്കളാണ് ഇവിടെ പരിശീലനം നടത്തുന്നത്. രാവിലെ ആറു മണി മുതൽ എട്ട് വരെയും വൈകീട്ട് അഞ്ചു മണി മുതലുമാണ് പരിശീലനം. ഇത്തവണ ഇരുപത്തിമൂന്ന് വള്ളങ്ങൾ മൽസരത്തിൽ പങ്കെടുക്കുന്നുണ്ട്. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി മലബാറിൽ നടക്കുന്ന ഒരേയൊരു വള്ളംകളിയാണിത്.
പരിശീലനകാലങ്ങളിൽ രണ്ട് ലക്ഷത്തിലേറെ രൂപ ചിലവ് ഓരോ ക്ലബുകൾക്കും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഇതിന് സമ്മാനതുകയായി ലഭിക്കുന്നത് 80,000 രൂപ മാത്രമാണ്. പ്രോൽസാഹന സമ്മാനമായി 30,000 രൂപയും. വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന മത്സരമായിരുന്നിട്ടും നാട്ടുകാരുടെ ആവേശം കണക്കിലെടുത്ത് മാത്രമാണ് ക്ലബുകൾ ഓരോ വർഷവും വള്ളം കളി മൽസരത്തിനായി ഒരുങ്ങുന്നത്. ടൂറിസം വാരാഘോഷ പരിപാടികൾക്കായി 12 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് വാരാഘോഷ കമ്മറ്റി സർക്കാറിന് കഴിഞ്ഞ വർഷം കത്ത് നൽകിയിരുന്നു.
മേജർ വള്ളങ്ങളുടെ പരിശീലനത്തിന് ഒരു ലക്ഷത്തിലേറെ ചെലവ് വരും. വള്ളങ്ങൾ കേടുപാട് തീർക്കുന്നതിന് വൻ തുക മുടക്കേണ്ടി വരുന്നു. ആലപ്പുഴയിൽ നിന്ന് ദിവസക്കൂലി ഇനത്തിൽ 1,500 രൂപ നൽകിയാണ് തൊഴിലാളികളെ കൊണ്ട് വരുന്നത്. ഒരു വള്ളം പണിയെടുക്കാൻ 8 തൊഴിലാളികൾ വേണ്ടി വരും. ഇവരുടെ താമസ സൗകര്യവും ഭക്ഷണവും ക്ലബുകാർ തന്നെ ഒരുക്കിക്കൊടുക്കണം. ചില ക്ലബുകൾ മത്സരത്തിനാവശ്യമായ വള്ളങ്ങൾ നിർമിക്കാൻ ആലപ്പുഴയിൽ നിന്നും തച്ചന്മാരെ കൊണ്ടുവന്നിട്ടുണ്ട്.
രാവിലെയും വൈകുന്നേരങ്ങളിലുമായാണ് ബിയ്യം കായലിൽ വള്ളം കളി പരിശീലനം നടക്കുന്നത്. സെപ്തംബർ 12ാം തിയ്യതിയാണ് ഇത്തവണത്തെ വള്ളംകളി ബിയ്യം കായലിൽ നടക്കുക. മേജർ വിഭാഗത്തിൽ 10 വള്ളങ്ങളും, മൈനർ വിഭാഗത്തിൽ 13 വളളങ്ങളുമാണ് മാറ്റുരയ്ക്കുന്നത്.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ വള്ളംകളി മത്സരങ്ങൾ മാറ്റി വെച്ചിരുന്നു. ഈ വർഷവും, ആഘോഷങ്ങൾ കുറച്ചു കൊണ്ടായിരിക്കും വള്ളംകളി നടത്തുക. ഇതിനു ശേഷം ഒക്ടോബർ 17 ന് ഐ.പി.എൽ.മാതൃകയിലുള്ള വള്ളംകളി മത്സരത്തിനും, ബിയ്യം കായൽ വേദിയാവും.