മലപ്പുറം: ജില്ലയിലെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്തനിവാരണസേനാംഗങ്ങളെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചതോടെയാണ് ക്യാംപിലേക്ക് മടങ്ങുന്ന സേനാംഗങ്ങളെ ആദരിച്ചത്.
മൂന്നു സംഘങ്ങളായി 83 സേനാംഗങ്ങളാണ് 18 ദിവസം നീണ്ടു നിന്ന തെരച്ചിലിൽ പങ്കെടുത്തത്. കവളപ്പാറക്കു പുറമെ മാഞ്ചീരി കോളനി, വാണിയമ്പുഴ കോളനി തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ദുരന്തങ്ങളിലും സ്തുത്യാർഹമായ സേവനമാണ് സേന കാഴ്ച വെച്ചത്. പ്രളയക്കെടുതിയിൽ നിന്ന് നാടിനെ സംരക്ഷിച്ചതിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ പങ്ക് ജില്ല ഒരിക്കലും മറക്കില്ലെന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മലിക് പറഞ്ഞു. സേനാഗംങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരമായി പ്രശസ്തിപത്രവും മെമന്റോയും കളക്ടർ സമ്മാനിച്ചു. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സേനവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും നാട് മനസ്സിൽ സൂക്ഷിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
സംസ്ഥാനം നേരിട്ട വളരെ വ്യാപ്തിയുള്ള ദുരന്തമായിരുന്നു കവളപ്പാറയിലേത്. ഇത്രയും ദുർഘടമായ മേഖലയിൽ നിന്നും 11 പേരൊഴികെ മറ്റുള്ളവരെയെല്ലാം കണ്ടെത്താൻ കഴിഞ്ഞു എന്നുള്ളത് വിവിധ സേനകളും ഉദ്യോഗസ്ഥരും നാട്ടുകാരും സന്നദ്ധ സംഘടനകളും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമാണെന്ന് മറുപടി പ്രസംഗം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാൻഡന്റ് വിനോജ് ജോസഫ് പറഞ്ഞു.
അസിസ്റ്റന്റ് കളക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ പി.എൻ പുരുഷോത്തമൻ, ഡോ. ജെ.ഒ അരുൺ, അബ്ദുൽ സമദ്, നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.