സ്വന്തം ലേഖകൻ മലപ്പുറം: നാടുകാണി ചുരത്തിലെ മണ്ണിടിച്ചിലിനെ തുടർന്ന് കെ.എസ്.ആർ.ടി.സി റദ്ദാക്കിയ അന്തർസംസ്ഥാന സർവീസുകൾ വയനാട് വഴി കുട്ട, ഗൂഡല്ലൂർ റൂട്ടുകളിലൂടെ പുനരാംരംഭിച്ചു. തൃശൂർ, പാല, കോട്ടയം, ഗുരുവായൂർ ഡിപ്പോകളിൽ നിന്നുള്ള ബംഗളൂരു സർവീസുകളാണ് തുടങ്ങിയത്. ബന്ദിപ്പൂർ പാസുള്ളതിനാൽ ഗുരുവായൂർ, തൃശൂർ ബസ്സുകൾ ഗൂഡല്ലൂർ വഴിയാണ് സർവീസ് നടത്തുന്നത്. നൈറ്റ് പാസ് ഉപയോഗപ്പെടുത്താം എന്നതിനൊപ്പം ഇതുവഴി നല്ല റോഡുമാണ്. മറ്റ് സർവീസുകളെല്ലാം മാനന്തവാടി - കുട്ട വഴിയാണ്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഇതുവഴിയുള്ള യാത്ര ഏറെ ദുരിതമാണ്. നിലമ്പൂർ ഡിപ്പോയിൽ നിന്നുള്ള ബംഗളൂരു ബസ് അറ്റകുറ്റപ്പണിയിലായതിനാൽ ഈ സർവീസ് തുടങ്ങാനായിട്ടില്ല. ബംഗളൂരുവിൽ നിന്ന് തിരിച്ചുള്ള സർവീസുകളുടെ ഓൺലൈൻ ബുക്കിംഗ് ഇന്നലെ മുതൽ തുടങ്ങി. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ ടൈം ഷെഡ്യൂളുമായാണ് സർവീസ് നടത്തുന്നത്. നേരത്തെ ബംഗളൂരു - തൃശൂർ ബസ് രാത്രി 11ന് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് നാടുകാണി വഴി പുലർച്ചെ അഞ്ചിനാണ് നിലമ്പൂരിൽ എത്തിയിരുന്നത്. അവധിദിനങ്ങൾ ലക്ഷ്യമിട്ട് നാട്ടിലെത്തുന്നവർക്ക് രാവിലെ തന്നെ വീട്ടിലെത്താൻ കഴിഞ്ഞിരുന്നു. സർവീസ് വയനാട് വഴിയാക്കിയതോടെ നൂറ് കിലോമീറ്ററിലധികം സഞ്ചരിക്കണം. റോഡും അത്ര മികച്ചതല്ല. ഇതുവഴിയുണ്ടാവുന്ന സമയനഷ്ടം മറികടക്കാനും യാത്രക്കാരുടെ സൗകര്യവും പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് നേരത്തെ പുറപ്പെടുന്ന തരത്തിൽ സമയക്രമം മാറ്റിയിട്ടുണ്ട്. അരീക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. തിരിച്ച് ബംഗളൂരുവിലേക്കുള്ള സർവീസുകളും നേരത്തെയാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകൾ രാത്രി ഒമ്പതിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.30ന് അരീക്കോട് എത്തുന്ന തരത്തിലാണ് സർവീസ് നടത്തുന്നത്. സാധാരണ ദിവസങ്ങളിൽ 600 രൂപയും അവധി ദിനങ്ങളോടനുബന്ധിച്ച് 900 രൂപയുമാണ് ഈ റൂട്ടിലെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക്. ഓൺലൈൻ സൈറ്റുകളിലെ ബുക്കിംഗിന് കിഴിവും നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്ഥിരം യാത്രക്കാർ നഷ്ടപ്പെടാതിരിക്കാനാണ് കെ.എസ്.ആർ.ടി.സി സമയം പുനഃക്രമീകരിച്ചത്.