മലപ്പുറം: ഫാമുകളിൽ ഇറച്ചിക്കോഴിയുടെ വില കുത്തനെയിടിഞ്ഞിട്ടും ചില്ലറ വിപണിയിൽ വില കുറയ്ക്കാതെ കച്ചവടക്കാർ. ജില്ലയിലെ വിവിധ ഫാമുകളിൽ നിന്ന് ഇന്നലെ കിലോയ്ക്ക് 55 മുതൽ 59 രൂപയ്ക്കാണ് മൊത്തവിതരണക്കാർ കോഴികളെ വാങ്ങിയത്. അതേസമയം ചില്ലറ വിപണിയിൽ ഇറച്ചി കിലോയ്ക്ക് 140 രൂപയാണ് മിക്കയിടത്തും ഈടാക്കുന്നത്. കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ലാഭം കിഴിച്ചാലും നൂറ് രൂപയ്ക്കുള്ളിൽ ഇറച്ചി നൽകാനാവും.
ബലിപെരുന്നാൾ ലക്ഷ്യമിട്ട് ജില്ലയിലെ ഫാമുകളിൽ മിക്കതിലും കോഴികളെ വളർത്തിയിരുന്നു. പ്രളയത്തെ തുടർന്ന് ബലിപെരുന്നാൾ വിൽപ്പന കുത്തനെയിടിഞ്ഞു. കേരളത്തിലേക്ക് പ്രധാനമായും കോഴികളെത്തുന്ന തമിഴ്നാട്ടിലെ വൻകിട ഫാമുകളിലും കോഴികൾ വലിയതോതിൽ കെട്ടിക്കിടന്നതോടെ ഇവരാണ് ആദ്യം വില കുറച്ചത്. പിന്നാലെ കേരളത്തിലെ കോഴി കർഷകരും വില കുറയ്ക്കാൻ നിർബന്ധിതരായി. തമിഴ്നാട്ടിൽ നിന്ന് വലിയതോതിൽ കോഴി എത്തുന്നതിനാൽ ജില്ലയിലെ ഫാമുകളിലും കുറഞ്ഞ വിലയാണ് മൊത്തവിതരണക്കാർ നൽകുന്നത്. ട്രോളിംഗ് നിരോധനത്തിന് ശേഷം മത്തി, അയല പോലുള്ള മീനുകൾക്ക് വലിയ തോതിൽ വില കുറഞ്ഞതും കോഴിയുടെ ആവശ്യകത കുറച്ചിട്ടുണ്ട്. പ്രളയാനന്തരം നിർമ്മാണ മേഖലയടക്കം സ്തംഭിച്ചതും കച്ചവടം കുറച്ചു.
ഉത്പാദനച്ചെലവ് പോലും ലഭിക്കാതെ ജില്ലയിലെ കോഴികർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കേരളത്തിൽ ഒരുകിലോ കോഴിയുത്പാദിപ്പിക്കാൻ ഏകദേശം 75 രൂപ ചെലവാകും. ഇന്നലെ 58 രൂപയ്ക്കാണ് ഫാമുകളിൽ നിന്ന് കോഴികളെ നൽകിയത്.
45 ദിവസം കഴിഞ്ഞാൽ കോഴികളെ ഫാമുകളിൽ സൂക്ഷിക്കുന്നത് തീറ്റയടക്കമുള്ള അധികച്ചെലവുകൾ വരുത്തും. 5000 കോഴികളുള്ള ഒരു ഫാമിന് തീറ്റയിനത്തിൽ ദിവസം 50,000 രൂപയിലധികം ചെലവാകും. അതേസമയം കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന്, തൊഴിലാളികളുടെ കൂലി എന്നിവ തമിഴ്നാട്ടിൽ കുറവായതിനാൽ പരമാവധി 60 രൂപയേ ഉത്പാദനച്ചെലവ് വരൂ.