പെരിന്തൽമണ്ണ: പാണ്ടിക്കാട് മുടിക്കോട് പാലത്തിനുസമീപം20 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. പാണ്ടിക്കാട് മുടിക്കോട് സ്വദേശികളായ വട്ടക്കണ്ടൻ നിസാമുദ്ദീൻ(26), തയ്യിൽ മുബഷീർ(22), മദാരി ഫവാസ് (24) എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് ട്രോളിബാഗുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആന്ധ്ര ഒഡീഷ ബോർഡറിൽ നക്സൽ സ്വാധീനമേഖലകളിൽ നിന്നും കിലോഗ്രാമിന് 1800 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങുന്നത്. ജില്ലയിലെത്തിക്കുന്ന കഞ്ചാവ് ബാഗുകളിലും ചാക്കിലുമാക്കി പുഴയുടെ തീരത്ത് കുറ്റിക്കാടുകളിലും മറ്റും ഒളിപ്പിച്ചാണ് വിൽപ്പന. ചെറുകിട ഏജന്റുമാർക്ക് ആറ് ലക്ഷത്തിലധികം രൂപ വിലപറഞ്ഞുറപ്പിച്ച് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ഒരാഴ്ച മുമ്പ് നാട്ടിൽ നിന്നും പോയ പ്രതികൾ ഒരുദിവസം മുമ്പാണ് തിരിച്ച് നാട്ടിലെത്തിയത്.
നിസാമുദ്ദീനും ഫവാസും മാസങ്ങൾക്ക് മുമ്പ് 100 ഗ്രാം കഞ്ചാവുമായി പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായിരുന്നു . പിന്നീട് ജാമ്യത്തിലിറങ്ങി. പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രത്യേക അന്വേഷണ സംഘത്തിലെ സി.പിമുരളീധരൻ, ടി.ശ്രീകുമാർ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, പി.അനീഷ്, പ്രശാന്ത്, വി.മൻസൂർ, രാകേഷ്ചന്ദ്രൻ, വനിതാ സി.പി.ഒ ജയമണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.