പഠിച്ചത് എൻജിനീയറിംഗ്. പയറ്റിയത് ഫാഷൻ ഡിസൈനിംഗിൽ. പഠിക്കാത്ത സമവാക്യങ്ങളുടെ സാദ്ധ്യതകൾ പരീക്ഷിച്ചതാകട്ടെ, ഡിസൈനിംഗിന് ഒട്ടും പ്രാധാന്യമില്ലാത്ത അബായകളിലും. പുതുമയുടെ നിറക്കൂട്ടിൽ പിറവിയെടുത്ത അബായകൾ പുതുതലമുറ ആഘോഷത്തോടെ എറ്റെടുത്തു. അഫ്ര ഷബീബ് എന്ന ഫാഷൻ ഡിസൈനറുടെയും പ്രശസ്തമായ മാൾ ഒഫ് അബായയുടെയും ഉദയം അങ്ങനെയായിരുന്നു.
എറണാകുളം സ്വദേശിയായ അഫ്ര പെരിന്തൽമണ്ണക്കാരൻ ഷബീബ് മുഹമ്മദിന്റെ ഭാര്യയായി ദുബായിലെത്തിയ ദിവസങ്ങൾ. സ്വന്തമായി എന്തെങ്കിലും ചെയ്താലെന്തെന്നായി ചിന്ത. പഠിച്ചത് ഇലക്ട്രിക്കൽ എൻജിനീയറിംഗാണെങ്കിലും ഉള്ളിൽ എന്നും ഫാഷൻ ഡിസൈനിംഗിനോട് താത്പര്യമുണ്ടായിരുന്നു. ഇഷ്ടമുള്ള മേഖലയിൽ ഒരു കൈ നോക്കാൻ തന്നെയുള്ള തീരുമാനമാണ് ജീവിതത്തിൽ വഴിത്തിരിവായത്.
ചേയ്ഞ്ച് ആർക്കാണ് ഇഷ്ടമല്ലാത്തത്......
മനസ്സിലുള്ള വൈവിദ്ധ്യമാർന്ന ഫാഷൻ സങ്കൽപ്പങ്ങൾ പ്രതിഫലിപ്പിക്കാൻ അഫ്ര തിരഞ്ഞെടുത്തത് അബായകളാണ്. ഉമ്മ അബായകളായിരുന്നു ധരിച്ചിരുന്നത്. ഉമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കുമായി അബായകൾ തിരഞ്ഞെടുക്കുമ്പോൾ സ്വന്തമായ ചില ഡിസൈനുകളും മറ്റും പ്രത്യേകം പറഞ്ഞ് ചെയ്യിക്കുമായിരുന്നു. അതാണ് അബായയുടെ ഡിസൈനിംഗിലേക്ക് കടക്കാൻ പ്രേരണയായത്.
ഗൾഫിൽ നിന്നും കൊണ്ടു വരുന്ന ഉന്നത ഗുണനിലവാരമുള്ള വസ്തുക്കൾക്ക് നാട്ടിൽ വലിയ ഡിമാൻഡുണ്ടായിരുന്നു. വസ്ത്രങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. ഉപഭോക്താക്കളുടെ ഈ പൾസ് മനസ്സിലാക്കാനായതും ദുബായിൽ നിന്ന് മികച്ച മെറ്റീരിയൽസ് വാങ്ങി ഡിസൈൻ ചെയ്ത് ഓൺലൈൻ വഴി നാട്ടിൽ വിൽക്കുകയെന്ന ആശയത്തിലേക്ക് നയിച്ചു.
ഫാഷനെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ അബായയിലേക്ക് സമന്വയിപ്പിക്കുകയായിരുന്നു അഫ്ര. മതം നിഷ്കർഷിക്കുന്ന മൂല്യബോധമുൾക്കൊള്ളുന്ന വസ്ത്രമാണ് അബായ. ശരീരം പ്രദർശിപ്പിക്കാത്ത മാന്യമായ വസ്ത്രധാരണത്തിന്റെ ഭാഗമാണവ. അബായയുടെ മൂല്യബോധത്തെ പോറലേൽപ്പിക്കാതെ, യുവത്വത്തിന്റെ ഫാഷൻ ആഭിമുഖ്യങ്ങൾ അതിനോട് സമന്വയിപ്പിച്ചു. ചുരിദാറുകൾ, സൽവാറുകൾ, സാരികൾ തുടങ്ങിയവയിലെ ഫാഷൻ ശൈലികൾ, പൊലിമയുടെ ആധിക്യം കുറച്ച് അബായകളുടെ മൂല്യബോധത്തോട് സമരസപ്പെടുത്തി. പൊതുവേ വ്യാപകമായ കറുത്ത നിറത്തിനു പകരം വൈവിദ്ധ്യങ്ങളായ നിറങ്ങളുള്ള അബായകളുടെ ലോകം ഉപഭോക്താക്കൾക്ക് നവ്യാനുഭവമായി.
ആശയം ആദ്യം അവതരിപ്പിച്ചത് ഭർത്താവിന് മുന്നിൽ. ഉത്പന്നത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധിക്കുക. ആരു വാങ്ങും എന്ന് ചിന്തിക്കേണ്ട. അതു ഞാൻ നോക്കിക്കോളാം. കനേഡിയൻ കമ്പനിയിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഭർത്താവ് ഷബീബ് മുഹമ്മദ് ഉറപ്പുകൊടുത്തു.
സ്വന്തം കുടുംബത്തിൽ തന്നെയാണ് പുത്തൻ അബായകൾ അഫ്ര പരീക്ഷിച്ചത്. കുടുംബാംഗങ്ങളായ നൂറോളം പേരെ ഉൾപ്പെടുത്തി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. തന്റെ ഡിസൈനുകൾ ഗ്രൂപ്പിലിട്ടു. അത്ഭുതകരമായ പിന്തുണയും പ്രതികരണവുമാണ് കിട്ടിയത്.15 ദിവസത്തിനകം കിട്ടിയത് 80 ഓർഡറുകൾ. അത്രയ്ക്കിഷ്ടമായി എല്ലാവർക്കും . അഫ്ര തന്നെ അമ്പരന്നുപോയി. ഈ വസ്ത്രങ്ങൾ നാട്ടിലെത്തിയതോടെ അന്വേഷണങ്ങളുടെ പ്രവാഹമായി. വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഗ്രൂപ്പിൽ ആഡ് ചെയ്യാൻ തുടങ്ങി. മുന്നോട്ടുപോകാൻ വലിയ ഊർജ്ജവും അവേശവും ലഭിച്ച നാളുകൾ......
അതോടെ ഷബീബിന്റെ മാർക്കറ്റിംഗ് വൈഭവത്തിന്റെ ഊഴമായി. സോഷ്യൽ മീഡിയയാണ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയത്. ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും മാൾ ഒഫ് അബായ എന്ന പേരിൽ അക്കൗണ്ടുകൾ തുറന്നു.
ഉപഭോക്താക്കളുടെ അഭിരുചിക്കും ആവശ്യങ്ങൾക്കുമനുസരിച്ച് അബായകൾ തയ്യാറായി. അഫ്രയുടെ കൈയൊപ്പു പതിഞ്ഞ ഡിസൈനർ അബായകൾ തരംഗമായി. ഒരു വർഷത്തിനുള്ളിൽബ്രാന്റ് എന്ന നിലയിൽ മാൾ ഒഫ് അബായ തനതായ മുദ്ര പതിപ്പിച്ചു. വ്യക്തിഗതമായ ഇഷ്ടങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്തു കൊടുക്കുന്ന ചില അബായകളിൽ സ്ഥാപനത്തിന്റെ ലോഗോ പതിപ്പിക്കാൻ വിട്ടുപോവാറുണ്ടായിരുന്നു. ലോഗോ നിർബന്ധമായും വേണമെന്ന് ഉപഭോക്താക്കൾ ഇങ്ങോട്ടാവശ്യപ്പെടാൻ തുടങ്ങി. ബ്രാന്റിന്റെ മൂല്യവും ഉപഭോക്താക്കളുടെ വിശ്വാസവും ബോദ്ധ്യപ്പെട്ട മുഹൂർത്തങ്ങൾ...... ആ വിശ്വാസ്യത ഇന്നും അണുവിട പോറലേൽക്കാതെ തുടരുന്നു.
ഇന്ന് ഫേസ് ബുക്ക് പേജിൽ 95,000 പേർ ഫോളോവേഴ്സ് ആയുണ്ട്. 5000ത്തോളം മെമ്പർമാരടങ്ങിയ എട്ടോളം വാട്സ് ആപ്പ് ഗ്രൂപ്പുകളും ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകളും ഉണ്ട്. നാട്ടിൽ ഷോറൂകൾ ആരംഭിച്ചപ്പോഴും ഓൺലൈൻ വ്യാപാരത്തിന്റെ നട്ടെല്ലായി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നിലനിൽക്കുന്നു.
വിജയരഹസ്യം?
നിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. അതു തന്നെ വിജയരഹസ്യം അഫ്ര പറയുന്നു. ദുബായിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. മെറ്റീരിയൽസ് വാങ്ങുന്നതും തയ്യാറാക്കുന്നതും അവിടെ നിന്നുതന്നെ. ലോകത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ദുബായ് മാർക്കറ്റ്. അവിടെ കിട്ടാത്തതൊന്നുമില്ല. ചൈന, കൊറിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഈടുറ്റ, ഏറ്റവും നൂതനമായ തുണിത്തരങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഭാരക്കുറവ്, കാലാവസ്ഥയ്ക്ക് യോജിച്ചത്, ഈടു നിൽക്കൽ തുടങ്ങിയ ഘടകങ്ങളാണ് ഇവയെ പ്രിയങ്കരമാക്കുന്നത്. നാട്ടിൽ ഷോറൂമുകൾ ആരംഭിച്ചെങ്കിലും ദുബായ് കേന്ദ്രീകരിച്ചാണ് ഉത്പാദനം. ഓൺലൈൻ വ്യാപാരവും ദുബായ് കേന്ദ്രീകരിച്ചു തന്നെ. കൊച്ചി കേന്ദ്രമായി ഓൺലൈൻ ബിസിനസിന്റെ കസ്റ്റമർ കെയർ സെന്റർ പ്രവർത്തിക്കുന്നു.
മെറ്റീരിയലുകളുടെ കാര്യത്തിൽ മാത്രമല്ല, നൂതനമായ ആശയങ്ങൾക്കും ദുബായ് മാർക്കറ്റ് വലിയ പ്രചോദനമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ, വ്യത്യസ്തമായ വസ്ത്രധാരണശൈലികൾ, ഡിസൈനുകൾ..... എല്ലാം ഇവിടെ ഒന്നിക്കുന്നു. ഒരു വിസ്മയ ലോകം തന്നെയാണത്. പുതുതായ ഒരു പാട് ആശയങ്ങൾ ലഭിക്കുന്നത് ഇവിടെ നിന്നാണ്. അബായയിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവയാണ് പലതും. അവ എങ്ങനെ അബായയിലേക്ക് സമന്വയിപ്പിക്കാം എന്ന അന്വേഷണം ഡിസൈനിംഗ് മികവിനെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
മതപരമായ മൂല്യബോധത്തിനൊപ്പം യുവതയുടെ ഫാഷൻ സങ്കൽപ്പങ്ങളെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിടത്താണ് മാൾ ഒഫ് അബായയുടെ വിജയമെന്ന് അഫ്ര കരുതുന്നു. കളർ അബായകൾ, പ്ളെയിൻ അബായകൾ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ പ്ളെയിൻ അബായകൾ വലിയ ട്രെന്റായി മാറി. പരമ്പരാഗതശൈലിയിലുള്ള അബായകളോട് വലിയ പ്രതിപത്തി പുലർത്താത്തവർക്കിടയിൽ പോലും അഫ്രയുടെ ഡിസൈനർ അബായകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. പ്രായം കൂടിയ ആളുകൾക്കും അനുയോജ്യമായ വിധമുളള അബായകൾ ലഭ്യമാണ്. ഇവയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നാടൊട്ടുക്കും......
ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യമാണ് നാട്ടിൽ ഷോറൂം തുടങ്ങാൻ പ്രേരണയായത്. ഓൺലൈൻ ബിസിനസിൽ നേരിട്ട ചില വെല്ലുവിളികളും ഇതിന് കാരണമായി. സാധനങ്ങൾ നാട്ടിലെത്തുമ്പോൾ എടുക്കുന്ന കാലതാമസമായിരുന്നു പ്രധാനപ്രശ്നം. കസ്റ്റംസ് ക്ളിയറൻസ് അടക്കമുള്ള കാര്യങ്ങൾ കഴിഞ്ഞ് കൊറിയർ ഉപഭോക്താവിന്റെ അടുത്തെത്തുമ്പോഴേക്കും ചിലപ്പോൾ അൽപ്പം വൈകും. ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയ്ക്കൊപ്പം മൂന്ന് വർഷത്തെ പ്രവർത്തനം നൽകിയ ആത്മവിശ്വാസവും കരുത്തേകി. അങ്ങനെയാണ് പെരിന്തൽമണ്ണ ബൈപ്പാസ് റോഡിലെ അൽഷിഫ ജംഗ്ഷനിൽ കഴിഞ്ഞ ഏപ്രിലിൽ സ്വന്തം ഷോറൂം ആരംഭിക്കുന്നത്.
സ്ഥാപനത്തിനായി ആളുകൾ കാത്തിരിക്കുകയായിരുന്നു എന്നു തോന്നിപ്പിക്കും വിധമുള്ള പ്രതികരണമാണ് ലഭിച്ചത്. ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും അയൽജില്ലകളിൽ നിന്നും ആളുകളെത്തി. ആരംഭം മുതലുള്ള ഉപഭോക്താക്കൾ ഇപ്പോൾ സ്ഥാപനത്തിനൊപ്പമുണ്ട്. ആദ്യ ഷോറൂമിന്റെ വലിയ വിജയം സംസ്ഥാനതലത്തിൽ വ്യാപകമായി ഷോറൂമുകൾ ആരംഭിക്കാനുള്ള ആലോചനകൾക്ക് ശക്തി പകർന്നു. വളാഞ്ചേരിയിലും കണ്ണൂരിലും ഷോറൂമുകൾ ഉടൻ ആരംഭിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ബാംഗ്ളൂരിലും വൈകാതെ ഷോറൂമുകൾ തുറക്കും. സ്ഥാപനത്തിന്റെ വെബ് സൈറ്റും മൊബൈൽ ആപ്പും വൈകാതെ സജ്ജമാവും.
വൈവിദ്ധ്യങ്ങളുടെ വിസ്മയലോകം
അബായകളുടെ വൈവിദ്ധ്യ ലോകമാണ് മാൾ ഒഫ് അബായ. പാർട്ടിവെയറുകൾ, കാഷ്വൽ വെയറുകൾ, പ്ളെയിൻ അബായാസ്, കളർ അബായാസ്, എംബ്രോയിഡറി, ഹാൻഡ്വർക്സ്, ഫ്ളോറൽ പ്രിന്റ്സ് തുടങ്ങിയ വൈവിദ്ധ്യങ്ങളുടെ നിര നീളുന്നു. ഹിജാബുകളുടെ വലിയൊരു ശേഖരവും ഇവിടെയുണ്ട്. കമനീയമായ ബ്രൈഡൽ അബായകളുടെ പ്രത്യേക കളക്ഷനും മാൾ ഒഫ് അബായയുടെ പ്രത്യേകതകളാണ്. നേരത്തെ വിവാഹ അവസരങ്ങളിൽ അബായകൾ അധികം ഉപയോഗിച്ചിരുന്നില്ല. ബ്രൈഡൽ അബായകൾ ഇന്ന് ട്രെൻഡ് ആയി മാറിക്കഴിഞ്ഞു.
കഠിനാദ്ധ്വാനത്തിന്റെ വിജയം
ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് അഫ്ര പറയുന്നു. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ ഭർത്താവ് ഷബീബിന്റെ മാർക്കറ്റിംഗ് മേഖലയിലുള്ള പരിചയം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സ്ഥാപനത്തിന് തനതായ മേൽവിലാസം നേടിക്കൊടുത്തു. ഫാഷൻ ഡിസൈനിംഗ് ശാസ്ത്രീയമായി പഠിച്ചിട്ടില്ല എന്നത് ഒരിക്കലും ഒരു പോരായ്മയായി അനുഭവപ്പെട്ടിട്ടില്ല. മറിച്ച് കൂടുതൽ കഠിനാദ്ധ്വാനം ചെയ്യാനുള്ള പ്രേരണയായി. അദ്യ ഡിസൈനുകൾക്ക് ലഭിച്ച മികച്ച പ്രതികരണം കൂടുതൽ ഉത്തരവാദിത്വ ബോധം പകർന്നുനൽകി.
ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരുകയെന്നത് വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു. അവരുടെ ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങളും ഡിസൈനർ എന്ന നിലയിൽ ശക്തി പകർന്നു. ഡിസൈനർ അബായകൾ നാട്ടിൽ ഹിറ്റായതോടെ ജി.സി.സി രാഷ്ട്രങ്ങളിലുള്ള മലയാളികളും ഓർഡറുകളുമായെത്തി. ഇന്ന് നാടിനു പുറമെ ലോകവ്യാപകമായി തന്നെ ഓൺലൈനിലൂടെ വിൽപ്പന സജീവമാണ്.