എടക്കര: കേരളത്തിലെ പ്രളയദുരിതത്തിന്റെ അലയടികൾ മൈസൂരിലെ പൂപ്പാടമായ ഗുണ്ടൽപേട്ടിനെയും ആശങ്കയിലാഴ്ത്തി. പ്രളയവും നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതതടസവുംഓണസീസണിലെ പൂവിപണിയെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് ഇവിടത്തെ കർഷകർ.
മൈസൂരിനോട് ചേർന്ന് കാമരാജ് നഗർ ജില്ലയിലെ മധുര, മദനുണ്ടി, ഭീമൻപേട്ട്, ഗുണ്ടൽപേട്ട്, ബർഗി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരുടെ പ്രധാന ഉപജീവനമാർഗ്ഗം പൂക്കൃഷിയാണ്. ഏക്കറുകളോളം പരന്നുകിടക്കുന്ന പൂത്തോട്ടങ്ങളിൽ ചെണ്ടുമല്ലി, സൂര്യകാന്തി, ജമന്തി എന്നിവയാണ് പ്രധാന കൃഷികൾ. സീസണനുസരിച്ചു ഇവ മാറി മാറി കൃഷിയിറക്കും. കേരളത്തിലെ ഓണവിപണി മുന്നിൽ കണ്ടാണ് എല്ലാ വർഷവും ചെണ്ടുമല്ലിയും ജമന്തിയുമൊക്ക ധാരാളമായി കൃഷി ചെയ്യുന്നത്. ചെറിയ സ്ഥലങ്ങൾ പാട്ടത്തിനെടുത്തു പൂക്കൃഷി നടത്തുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞവർഷം പ്രളയം കർഷകർക്ക് വൻ നഷ്ടമുണ്ടാക്കി. കേരളത്തിലേക്ക് കൊണ്ടു വന്ന പൂക്കൾ വേണ്ട പോലെ വിറ്റഴിക്കാൻ സാധിക്കാതെ നശിച്ചുപോയി. നാടുകാണി ചുരം അടച്ചതോടെ താമരശ്ശേരി ചുരം വഴി കിലോമീറ്ററുകൾ അധികം സഞ്ചരിച്ചു വേണം ജില്ലയിലെ എടക്കര, വഴിക്കടവ്, നിലമ്പൂർ, മഞ്ചേരി, വണ്ടൂർ, പെരിന്തൽമണ്ണ, കാളികാവ്, പൂക്കോട്ടുംപാടം തുടങ്ങിയ വിൽപ്പന കേന്ദ്രങ്ങളിൽ ഇത്തവണ പൂക്കളെത്തിക്കാൻ. യാത്രാച്ചെലവ് ഇരട്ടിയിലധികം വർദ്ധിക്കുന്നതിനാൽ വിലയും കൂട്ടേണ്ടി വരും. പ്രളയം മൂലം പൊറുതിമുട്ടിയ ഗ്രാമീണ മേഖലകളിൽ അത് പൂ വിൽപ്പന പറ്റെ ഇല്ലാതാക്കും.
ഇടിയുന്നത് വരുമാനം
വർഷത്തിൽ ഒറ്റത്തവണ മാത്രമുള്ള സൂര്യകാന്തി കൃഷിയാണ് ഗുണ്ടൽപേട്ടിലെ കർഷകരുടെ മറ്റൊരു ജീവിതമാർഗ്ഗം.
വേനൽ തുടങ്ങുന്നതോടെയുള്ള മൂന്നു മാസമാണ് ഇതിന്റ ഉത്പാദനകാലം .
സൺഫ്ളവർ ഓയിൽ കമ്പനികൾക്ക് വേണ്ടിയാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്.
പെയിന്റ് കമ്പനികൾക്ക് വേണ്ടിയും പൂക്കൃഷി സ്ഥിരമായി ചെയ്യാറുണ്ടെങ്കിലും തുച്ഛമായ വിലയേ ലഭിക്കൂ.
വർദ്ധിച്ചു വരുന്ന കൂലിച്ചെലവും രാസവളങ്ങളുടെ വിലക്കയറ്റവും തരണം ചെയ്യാൻ വർഷത്തിലൊരിക്കൽ മാത്രമുള്ള ഓണ വിപണിയെയാണ് പൂ കൃഷിക്കാർ പ്രധാനമായും ആശ്രയിക്കുന്നത്.
കേരളത്തിൽ ഈ തൊഴിൽ കൊണ്ടു മാത്രം ജീവിക്കുന്ന അനേകം ചെറുകിട പൂക്കച്ചവടക്കാരുമുണ്ട്.