മലപ്പുറം: സംസ്ഥാനത്ത് പ്ലസ് വൺ ബാച്ച് പുനഃക്രമീകരണത്തിന്റെ ഭാഗമായി ജില്ലയ്ക്ക് ഒമ്പത് ബാച്ചുകൾ അനുവദിച്ച സർക്കാർ നടപടി ഈ അദ്ധ്യായനവർഷം വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യില്ല. നേരത്തെയും വൈകി അനുവദിച്ച ബാച്ചുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു. ഓരോ ബാച്ചിലും 65 സീറ്റ് വീതം 585 പ്ലസ്വൺ സീറ്റുകൾ ലഭിക്കുമെങ്കിലും സ്കോൾ കേരള പ്രവേശനമടക്കം പൂർത്തീകരിച്ച സാഹചര്യത്തിൽ പൂതിയ ബാച്ചിലേക്ക് അപേക്ഷകർ കുറവാകും. ഒരു വിദ്യാർത്ഥി പോലും പ്രവേശനം നേടാത്ത സർക്കാർ സ്കൂളുകളിലെ 12 പ്ലസ്വൺ ബാച്ചുകളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ജില്ലയ്ക്ക് എട്ട് സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും ലഭിച്ചത്.
തിരുവനന്തപുരം, പത്തനംതിട്ട, റാന്നി, ആലപ്പുഴ, ചെങ്ങന്നൂർ, ഇടുക്കി, പിറവം, നാട്ടിക എന്നിവിടങ്ങളിലെ പ്ലസ്വൺ ബാച്ചുകളാണ് ജില്ലയിലേക്ക് മാറ്റിയത്. തെക്കൻ ജില്ലകളിലെ അധിക ബാച്ചുകൾ സീറ്റ് കുറവുള്ള മലബാറിലേക്ക് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നേരത്തെ ഉറപ്പേകിയിരുന്നു. അതേസമയം ഓപ്പൺ സ്കൂൾ പ്രവേശനമടക്കം പൂർത്തിയായ ശേഷമാണ് ബാച്ചുകൾ അനുവദിച്ചതെന്നത് പ്രവേശനം കാത്തിരുന്ന വിദ്യാർത്ഥികളെ നിരാശയിലാക്കി. ഈമാസം ആദ്യത്തിൽ പ്ലസ്വൺ ഏകജാലക പ്രവേശനം പൂർത്തിയാക്കിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും 3,500ലധികം വിദ്യാർത്ഥികൾ പുറത്തായിരുന്നു. കഴിഞ്ഞ 17ന് സ്കോൾ കേരള പ്രവേശനവും അവസാനിച്ചതിനാൽ ഇതിനകം തന്നെ മിക്കവരും ഓപ്പൺ സ്കൂളിലേക്ക് മാറി.
ജില്ലയിൽ ഈവർഷം 22,132 പേർ ഓപ്പൺ പ്രൈവറ്റ് വിഭാഗത്തിലും 488 പേർ ഓപ്പൺ റെഗുലറായും സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അടുത്ത വർഷം നോക്കാം
സർക്കാർ, എയ്ഡഡ് മേഖലയിൽ പ്ലസ്വണ്ണിന് പ്രവേശനം ലഭിക്കാതിരുന്നവരാണ് സ്കോൾ കേരളയെ ആശ്രയിച്ചത്.
ഓണപ്പരീക്ഷാക്കാലത്ത് അനുവദിച്ച ബാച്ചിലേക്ക് മാറാൻ ഓപ്പൺ സ്കൂൾ വിദ്യാർത്ഥികളും താത്പര്യം കാണിച്ചേക്കില്ല.
ഓപ്പൺസ്കൂളിൽ കൂടുതൽ പേരും ഹ്യൂമാനിറ്റിസ് ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയ്ക്ക് ലഭിച്ച പുതിയ ബാച്ചുകളിൽ ഹ്യൂമാനിറ്റിസ് ഇല്ല.