അരീക്കോട്: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചകളുണ്ടായാൽ ക്രിയാത്മകമായി ചൂണ്ടിക്കാണിക്കാൻ കേരളത്തിലെ പ്രതിപക്ഷം ശ്രദ്ധിക്കണമെന്ന് രാഹുൽ ഗാന്ധി. അരീക്കോട്ട് പംകിൻ ഓഡിറ്റോറിയത്തിൽ ഏറനാട് മണ്ഡലത്തിലെ ജനപ്രതിനിധികളുമായും യു.ഡി.എഫ് പ്രവർത്തകരുമായും പ്രളയ ദുരിതാശ്വാസ തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരും. പ്രളയബാധിത വയനാടിനെ വിനോദ സഞ്ചാര മേഖലയിൽ ഉയരത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു. എം.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്, സെക്രട്ടറി പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എം.എൽ.എ, മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.പി. സഫറുള്ള എന്നിവർ സംബന്ധിച്ചു.
ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് സന്ദർശിച്ചു
നിലമ്പൂർ: പ്രളയത്തിൽ അപ്രോച്ച് റോഡ് തകർന്ന മമ്പാട് ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് വയനാട് എം.പിയും മുൻ കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽഗാന്ധി സന്ദർശിച്ചു. വൈകിട്ട് അഞ്ചരയോടെ എ.ഐ സി സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്ക് എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി സ്ഥലത്തെത്തിയത്. വാർഡംഗത്തോടും മറ്റ് ജനപ്രതിനിധികളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ഗാന്ധി, പ്രളയത്തിൽ വെള്ളം കയറിയ മൂന്ന് വീടുകളും സന്ദർശിച്ചു, തന്നെ കാണാനെത്തിയവർക്ക് ഹസ്തദാനം നൽകിയ ശേഷം, വണ്ടൂർ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാൻ പോയി. തുടർന്ന് മണ്ഡലത്തിൽ പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങൾ ജനപ്രതിനിധികൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർക്ക് പുറമെ, വണ്ടൂർ എം.എൽ എ എ.പി.അനിൽകുമാർ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷമീന കാഞ്ഞിരാല, വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു,